സൗമ്യ മുഖ്യമന്ത്രിയെയും ‘കബളിപ്പിക്കാന്‍’ നോക്കി: ആശുപത്രിയില്‍ വെച്ച് അച്ഛനു നല്‍കിയ ഭക്ഷണത്തിലും വിഷം കലക്കി; സഹോദരിയെ കുടുക്കാനും കെണിയും ഒരുക്കി

single-img
27 April 2018

മക്കളെയും മാതാപിതാക്കളെയും ഉള്‍പ്പെടെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ സൗമ്യയുടെ വാദം പൊളിയുന്നു. തനിച്ചാണ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും എന്നായിരുന്നു സൗമ്യയുടെ ഇതുവരെയുള്ള വാദം. നീണ്ട ചോദ്യം ചെയ്യലിലും ഇക്കാര്യത്തില്‍ തന്നെ സൗമ്യ ഉറച്ചു നില്‍ക്കുകയും ചെയ്തു.

എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള സൗമ്യക്ക് കിണറില്‍ അമോണിയ കലര്‍ന്നതാകാം മരണത്തിനു കാരണം എന്ന ആശയം എവിടെ നിന്നു കിട്ടി എന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. സൗമ്യയുടെ ഈ ആശയത്തിന് നാട്ടില്‍ വ്യാപക പ്രചരണവും ലഭിച്ചിരുന്നു. ആസൂത്രിതമായി ഇത്തരം ആശയം സൗമ്യയുമായി ബന്ധപ്പെട്ട യുവാക്കളോ, കാമുകനോ മനപൂര്‍വം പ്രചരിപ്പിച്ചതാകാം എന്നും പോലീസ് സംശയിക്കുന്നു.

സൗമ്യ സഹോദരിയുടെ മേല്‍ കൊലപാതകം കെട്ടിവെയ്ക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും വ്യക്തമായി. കലശലായ ചര്‍ദ്ദി മൂലം സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആശുപത്രിയില്‍ വെച്ചു നല്‍കിയ ഭക്ഷണത്തിലും വിഷം കലക്കി നല്‍കാന്‍ ശ്രമം നടത്തിയതായി സംശയം ഉണ്ടെന്നും സഹോദരി തുറന്നടിച്ചു.

സഹോദരിയുടെ വീട്ടില്‍ നിന്ന് കുഞ്ഞിക്കണ്ണന്‍ ചര്‍ദിച്ചപ്പോള്‍ ആശുപത്രിയില്‍ പോകുന്നതിന് സൗമ്യ എതിര്‍ത്തിരുന്നു. പിന്നാലെയാണ് ആശുപത്രിയില്‍ വെച്ചും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് സഹോദരി സംശയം ഉയര്‍ത്തുന്നത്. തന്നെ കുടുക്കാനും സൗമ്യ ശ്രമിച്ചിരുന്നു.

ആഹാരത്തില്‍ എന്തെങ്കിലും ചേച്ചി കലക്കി നല്‍കിയിരുന്നോയെന്ന് നഴ്‌സുമാര്‍ ചോദിച്ചുവെന്ന് സൗമ്യ സഹോദരിയോട് പറഞ്ഞു. ഇതുവഴി കൊലപാതക്കുറ്റം സഹോദരിയുടെ മേല്‍ കെട്ടിവെയ്ക്കുകയായിരുന്നു ഉദ്ദേശ്യമെന്നാണ് സംശയിക്കുന്നത്. അതിനിടെ സൗമ്യ സര്‍ക്കാര്‍ ജോലിക്കായി സ്ഥലം എംഎല്‍എയും മുഖ്യമന്ത്രിയുമായ പിണറായി വിജയനു നിവേദനം നല്‍കിയിരുന്നുവെന്ന കാര്യവും അന്വേഷണ സംഘം കണ്ടെത്തി.

‘എന്റെ കുടുംബത്തിനു ആവുന്ന സഹായം ചെയ്തു തരണം. എനിക്കൊരു ജോലി ലഭിക്കുകയാണെങ്കില്‍ കുടുംബത്തിലുള്ള ബാക്കിയുള്ളവരെയും രക്ഷിക്കാനാകും…’. ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അതുകൊണ്ടു സര്‍ക്കാര്‍ ജോലി നല്‍കി സഹായിക്കണമെന്നുമാണു സൗമ്യ അപേക്ഷയില്‍ പറഞ്ഞത്. മക്കളും അമ്മയും മരിച്ചതിനുശേഷം നല്‍കിയ അപേക്ഷയില്‍ തന്റെ രണ്ടു കുട്ടികള്‍ക്കും അമ്മയ്ക്കും അജ്ഞാത രോഗമായിരുന്നുവെന്നും പരാമര്‍ശമുണ്ട്.

കഴിഞ്ഞ മാര്‍ച്ച് ഏഴിനാണു സൗമ്യയുടെ അമ്മ മരിക്കുന്നത്. മൂന്നു ദിവസം കഴിഞ്ഞ് മാര്‍ച്ച് പത്തിന് മുഖ്യമന്ത്രി മരണവീട്ടില്‍ എത്തിയപ്പോഴാണു സൗമ്യ നിവേദനം നല്‍കുന്നത്. അപേക്ഷ അന്നു തന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് വഴി ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്തു. വില്ലേജ് ഓഫിസര്‍ രണ്ടുപേര്‍ക്ക് അജ്ഞാത രോഗമാണെന്നും അമ്മ മരണപ്പെട്ടെന്നും റിപ്പോര്‍ട്ടു നല്‍കി. തുടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണു ക്രൂരകൊലപാതകത്തിന്റെ സത്യം പുറത്തുവരുന്നത്.

അതേസമയം സംശയത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണ് തന്റെ ജീവിതം ഇത്തരത്തിലാക്കിയതെന്നും എല്ലാറ്റിനും കാരണം അയാളാണെന്നും സൗമ്യ മൊഴിയില്‍ പറഞ്ഞു. താലിചാര്‍ത്തിയശേഷം ഉപേക്ഷിച്ച ഭര്‍ത്താവാണ് തന്നെ എന്തും ചെയ്യാന്‍ മനക്കട്ടിയുള്ളവളെന്ന അവസ്ഥയിലേക്കു തള്ളിവിട്ടതെന്നും പോലീസിനോടു പറഞ്ഞു.

തലശേരി ചോനാടത്തെ കശുവണ്ടി ഫാക്ടറിയില്‍ തൊഴിലാളിയായിരിക്കെയാണ് അവിടെ കശുവണ്ടിയുമായി വരുന്ന കൊല്ലം സ്വദേശി കിഷോറുമായി സൗമ്യ അടുപ്പത്തിലായത്. തുടര്‍ന്ന് നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു.

രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ വിഷം നല്‍കി ഇയാള്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതായും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. സംശയരോഗിയായ ഇയാള്‍ ഇളയ മകള്‍ അയാളുടേതല്ലെന്ന് പറഞ്ഞു. ഇളയമകള്‍ അയാളുടേതാണെങ്കില്‍ എലിവിഷം കലക്കിയ വെള്ളം കുടിക്കാന്‍ പറഞ്ഞു.

വെള്ളം കുടിക്കേണ്ടി വന്ന താന്‍ കേസിന് പോകാതിരുന്നത് വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയാണ്. പിന്നീട് അയാള്‍ ഉപേക്ഷിച്ചു പോയി. ഇളയ മകള്‍ കീര്‍ത്തന 2012ല്‍ മരിച്ചതിനുത്തരവാദി താനല്ലെന്ന സൗമ്യയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ ഭര്‍ത്താവ് കിഷോറിനെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.

ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും ജില്ല വിട്ടുപോകരുതെന്നും പോലീസ് നിര്‍ദേശിച്ചിട്ടുള്ളതായാണു വിവരം. സൗമ്യയ്ക്ക് പെണ്‍വാണിഭ മാഫിയയുമായി ബന്ധമുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇരിട്ടി സ്വദേശിനിയാണു തന്നെ വേശ്യാവൃത്തിയിലേക്കു നയിച്ചതെന്നും ഇരിട്ടിയില്‍ ഇവരുടെ വീട് കേന്ദ്രീകരിച്ചായിരുന്നു ഇടപാടെന്നും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇവരും പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

കടുത്ത ദാരിദ്ര്യമായിരുന്നു തന്നെ ഈ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഒരിക്കല്‍ പെട്ടു പോയതില്‍ പിന്നെ രക്ഷപ്പെടാന്‍ കഴിയാതായിപ്പോയി. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ശേഷം ചോനാടത്തെ കശുവണ്ടിക്കമ്പനിയില്‍ ജോലികിട്ടിയെങ്കിലും കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങള്‍ക്കും പോലും ശമ്പളം തികഞ്ഞിരുന്നില്ല.

അവിടെ പരിചയപ്പെട്ട ഇരിട്ടി സ്വദേശിനിയാണ് വേശ്യാവൃത്തിയിലേക്കു തിരിയാന്‍ പേരിപ്പിച്ചത്. തുടക്കത്തില്‍ ആവശ്യക്കാരെ പരിചയപ്പെടുത്തികൊടുത്തതും ഇവരായിരുന്നു. വഴി ഇതാണെന്ന് ഉറപ്പിച്ചതോടെ വീട്ടില്‍ പല കള്ളങ്ങളും പറയേണ്ടി വന്നു. അച്ഛനും അമ്മയും മകളും അടക്കം ഇതു ചോദ്യം ചെയ്തതോടെ എല്ലാവരെയും ഉന്മൂലനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്നും സൗമ്യ വെളിപ്പെടുത്തി.