രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് ആകാശത്തുവച്ച് തകരാറുണ്ടായ സംഭവം അട്ടിമറിയെന്ന് ആരോപണം: മോദി രാഹുലിനെ വിളിച്ചു

single-img
27 April 2018

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സഞ്ചരിച്ച പ്രത്യേക വിമാനം പറന്നത് അപകടകരമായ രീതിയില്‍. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

യാത്രാമധ്യേ ആടിയുലഞ്ഞ് ഇടത്തോട്ട് ചെരിഞ്ഞ വിമാനം മൂന്നാമത്തെ ശ്രമത്തിലാണ് ഹുബ്ബള്ളി വിമാനത്താവളത്തില്‍ ഇറക്കാനായത്. സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മറ്റുള്ളവരുടെ ജീവനും സുരക്ഷക്കും അപകടമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 336ാം വകുപ്പ് പ്രകാരമാണ് കേസ്.

രാഹുലിനൊപ്പം സഞ്ചരിച്ച കോണ്‍ഗ്രസ് നേതാവ് കൗശല്‍ വിദ്യാര്‍ഥി കര്‍ണാടക ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതു പ്രകാരമാണ് പോലീസ് കേസെടുത്തത്. ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചതിന് 45 മിനിട്ട് മുമ്പ് വിമാനം അപ്രതീക്ഷിതമായി ചരിയുകയും വലിയ ശബ്ദത്തോടെ നിയന്ത്രണം നഷ്ടമാകുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

തെളിഞ്ഞ കാലാവസ്ഥയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നതെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. വിമാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ നാലുപേര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു. മനഃപൂര്‍വമുള്ള പിഴവാണിതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതില്‍ ബിജെപിക്ക് പങ്കുണ്ടെന്ന കോണ്‍ഗ്രസിന്റെ ആക്ഷേപം നേതൃത്വം തള്ളി.

പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് വിവരം അന്വേഷിച്ചു. അതേസമയം ഓട്ടോ പൈലറ്റ് സംവിധാനത്തിലെ തകരാറാണെന്നും മാനുവല്‍ മോഡിലേക്ക് മാറ്റിയശേഷം പൈലറ്റ് വിമാനം താഴെയിറക്കുകയായിരുന്നുവെന്നും പിന്നീട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.