‘ഞാന്‍ അവരുടെ വീട്ടിലേക്ക് പോകുമ്പോള്‍ അത് ചെയ്യാമെന്നായിരുന്നു ധാരണ; ഇനി അതൊരിക്കലും നടക്കില്ല; ശ്രീദേവിയുമായുള്ള അവസാന സംഭാഷണത്തെ കുറിച്ച് ദീപിക പദുകോണ്‍

single-img
27 April 2018

 

അന്തരിച്ച നടി ശ്രീദേവിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ദീപിക പദുകോണ്‍. ഫിലിംഫെയര്‍ മിഡില്‍ ഈസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീദേവിയുമായുള്ള അവസാന സംഭാഷണം ദീപിക പങ്കുവെച്ചത്. സ്വന്തം അമ്മയെ പോലെയാണ് ശ്രീദേവിയെ കണ്ടിരുന്നതെന്ന് ദീപിക പറഞ്ഞു.

മുംബൈയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന തന്റെ കാര്യത്തില്‍ ശ്രീദേവി വളരെ ശ്രദ്ധാലുവായിരുന്നുവെന്നും ദീപിക ഓര്‍മ്മിച്ചു. ”റാസല്‍ഖൈമയിലെ വിവാഹത്തിന് പോകുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംസാരിച്ചപ്പോള്‍ ശ്രീ എന്നോട് പറഞ്ഞു, ‘ഉഴിഞ്ഞിടൂ, അല്ലെങ്കില്‍ കണ്ണ് തട്ടും’ എന്ന്.

എനിക്ക് വേണ്ടി അത് നിങ്ങള്‍ ചെയ്തുതരുമോ എന്ന് ചോദിച്ചപ്പോള്‍ ‘അതിനെന്താ വരൂ’ എന്നായിരുന്നു ശ്രീ സന്തോഷത്തോടെ പറഞ്ഞത്. ഞാന്‍ അവരുടെ വീട്ടിലേക്ക് പോകുമ്പോള്‍ അത് ചെയ്യാമെന്നായിരുന്നു ധാരണ. ഇനി അതൊരിക്കലും നടക്കില്ലെന്ന് ആലോചിക്കുമ്പോള്‍ മനസ് മരവിച്ചുപോകുന്നു”, ദീപിക ഓര്‍ത്തു.

‘സിനിമയ്ക്ക്പുറത്തുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ശ്രീദേവി എന്ന താരത്തെ അറിയാം, അതിനെക്കാളുമുപരി ശ്രീ എന്ന വ്യക്തിയേയും അറിയാം. അവര്‍ക്കും തിരിച്ചും അങ്ങനെ തന്നെയായിരുന്നു. ബോളിവുഡില്‍ തിരക്കുള്ള ഒരു താരമായിരുന്ന സമയത്ത് മുംബൈയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരാളാണ് ശ്രീദേവി.

ആ ഓര്‍മ്മകള്‍ ഉള്ളത് കൊണ്ടാവണം, എന്റെ എല്ലാ കാര്യങ്ങളിലും എപ്പോഴും താത്പര്യം കാണിച്ചിരുന്നു. വീട്ടില്‍ ജോലിയ്ക്ക് നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍, ആരോഗ്യം എന്നിങ്ങനെ നിത്യവുമുള്ള വീട്ടുകാര്യങ്ങളില്‍ പോലും ഉപദേശങ്ങള്‍ തരുമായിരുന്നു. അമ്മയെപ്പോലെ തന്നെയാണ് കരുതിയിരുന്നത്.’, ദീപിക കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവാര്‍ത്തയറിഞ്ഞ് ദീപിക ബാംഗ്ലൂരില്‍ നിന്ന് മുംബൈയിലെ അനില്‍ കപൂറിന്റെ വസതിയില്‍ എത്തിയിരുന്നു. ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ച ശേഷമുള്ള ചടങ്ങിലും ദീപിക പങ്കെടുത്തിരുന്നു.

………..