സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രനേതൃത്വത്തിന് രൂക്ഷവിമര്‍ശനം: കേന്ദ്രസെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് സുനില്‍കുമാര്‍; പ്രേതാലയമെന്ന് രാജാജി മാത്യുതോമസ്

single-img
27 April 2018

കൊല്ലം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രനേതൃത്വത്തിന് രൂക്ഷവിമര്‍ശനം. പൊതുചര്‍ച്ചയില്‍ കേരള ഘടകമാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്ര സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

കേന്ദ്രഘടകം പ്രേതാലയമാണെന്നായിരുന്നു രാജാജി മാത്യു തോമസിന്റെ പരാമര്‍ശം. പ്രസംഗം മാത്രമാണ് കേന്ദ്രനേതൃത്വത്തിന്റെ ജോലിയെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പരിഹസിച്ചു. കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയിലുള്ള അഭിപ്രായവ്യത്യാസം ചര്‍ച്ചയില്‍ പുറത്തുവന്നു.

കോണ്‍ഗ്രസുമായി ബന്ധം വേണമെന്ന് പരസ്യനിലപാടെടുക്കണമെന്ന് പി.പ്രസാദ് ആവശ്യപ്പെട്ടു. എന്നാല്‍ ഇടത് ഐക്യം ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നായിരുന്നു വി.എസ്.സുനില്‍ കുമാറിന്റേയും ആര്‍.ലതാദേവിയുടേയും നിലപാട്.

അതിനിടെ സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേലും സംഘടന റിപ്പോര്‍ട്ടിന്‍മേലും ചര്‍ച്ച ഇന്നാരംഭിക്കും. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയ പടരുന്നുവെന്നും പാര്‍ട്ടി വ്യക്തികേന്ദ്രീകൃതമായി എന്നുമുള്ള സംഘടന റിപ്പോര്‍ട്ട് സമ്മേളത്തില്‍ സജീവ ചര്‍ച്ചയാവും.

നേതാക്കളുടെ അഹന്ത പരസ്പര പോര് എന്നിവ പാര്‍ട്ടിയേ ക്ഷയിപ്പിക്കുന്നു എന്നാണ് സംഘടന റിപ്പോര്‍ട്ട് പറയുന്നത്. കേരള വിഭാഗീയ പ്രശ്‌നങ്ങളും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നേക്കും. വര്‍ഗീയതയേ നേരിടാന്‍ മതേതര ജനാധിപത്യ കക്ഷികളുടെ ഐക്യമാണ് കരട് രാഷ്ട്രീയ പ്രമേയം മുന്നോട്ട് വെയ്ക്കുന്നത്. ബി.ജെ.പിക്കെതിരായ സഖ്യത്തില്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജയും വ്യക്തമാക്കിയിരുന്നു.