കര്‍ണാടകയില്‍ പുതിയ ‘അടവിറക്കി’ മോദി: ആളെപ്പറ്റിച്ച് അധികാരത്തിലെത്താന്‍ ബിജെപിയില്ല

single-img
26 April 2018

ലിംഗായത്തുകളുടെ മതന്യൂനപക്ഷ പദവി കോണ്‍ഗ്രസിന്റെ പൊള്ളയായ വാഗ്ദാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളെപ്പറ്റിച്ച് അധികാരത്തിലെത്താന്‍ ബിജെപി തയ്യാറല്ല. വികസന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപി വോട്ടര്‍മാരെ സമീപിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.

കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥികളുമായും പാര്‍ട്ടി നേതാക്കളുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയ വിനിമയം നടത്തുകയായിരുന്നു മോദി. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജാതിയുടേയും മതത്തിന്റേയും പേരു പറഞ്ഞാണ് അധികാരത്തില്‍ എത്തിയത്.

ഇത്തവണയും അവര്‍ അതേ രീതിയാണ് അവലംബിക്കുന്നത്. ജാതി മത സമവാക്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ ലോലിപോപ്പ് കാണിച്ച് വോട്ട് പിടിക്കുകയാണ്. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം ജനങ്ങളെ ഉപയോഗിക്കുകയും പിന്നീട് അവരെ പാടെ ഉപേക്ഷിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് പാര്‍ട്ടി ഭാരവാഹികളോടും പ്രവര്‍ത്തകരോടുമായി മോദി പറഞ്ഞു.

കര്‍ണാടകയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്നിന് പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വികസനം, അതിവേഗ വികസനം, എല്ലായിടത്തുമുള്ള വികസനം എന്നിവയാണവ. ഇത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ തൂത്തെറിഞ്ഞ് ബി.ജെ.പിയെ കര്‍ണാടകയില്‍ തിരിച്ച് അധികാരത്തില്‍ എത്തിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.

ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയം കോണ്‍ഗ്രസിന്റെ ദുര്‍വൃത്തിയും പാപവും കൊണ്ട് മലിനമായിരിക്കുകയാണ്. കോണ്‍ഗ്രസ് എന്ന സംസ്‌കാരം ഇല്ലാതായാല്‍ മാത്രമെ ഇന്ത്യന്‍ രാഷ്ട്രീയം ശുദ്ധീകരിക്കാനാവൂ. വികസനത്തിന്റെ പേരില്‍ മാത്രമാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ആഗ്രഹിക്കുന്നത്. ജനങ്ങളെ വിശ്വാസത്തില്‍ എടുത്ത് മാത്രമെ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തികയുള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ബി.ജെ.പിക്ക് ലക്ഷ്യമില്ലെന്നും മോദി പറഞ്ഞു.