സൗമ്യ സിപിഎം ലോക്കല്‍ കമ്മറ്റി അംഗമാണെന്ന് യുവമോര്‍ച്ചാ നേതാവ് ലസിത പാലയ്ക്കലിന്റെ വ്യാജപ്രചരണം: പരാതിയുമായി സിപിഎം

single-img
26 April 2018

പിണറായിയില്‍ അച്ഛനെയും അമ്മയെയും മക്കളെയും വിഷം കൊടുത്ത് കൊന്ന കേസില്‍ അറസ്റ്റിലായ സൗമ്യ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന വ്യാജ പ്രചരണവുമായി യുവമോര്‍ച്ചാ നേതാവ് ലസിത പാലയ്ക്കല്‍. ലസിത ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു തുടങ്ങിയതിന് പിന്നാലെ ഫെയ്‌സ്ബുക്കിലെ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ഇത് ഏറ്റെടുക്കുകയും വ്യാജ പ്രചരണങ്ങള്‍ ശക്തമാക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും സിപിഎം ലോക്കല്‍ സെക്രട്ടറി കടക്കാത്ത് രാജന്‍ പരാതി നല്‍കി. പിണറായി ലോക്കല്‍ കമ്മറ്റിയെ സമൂഹത്തിന് മുന്നില്‍ ഇകഴ്ത്തിക്കാട്ടാനും സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് ലസിത പാലയ്ക്കല്‍ ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തിയത്.

പാര്‍ട്ടിയെ അവമതിപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്. ലസിത പാലയ്ക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ പകര്‍പ്പ് സഹിതമാണ് ലോക്കല്‍ സെക്രട്ടറി പരാതി നല്‍കിയിരിക്കുന്നത്.