ടൊയോട്ട യാരിസ് ഇന്ത്യന്‍ വിപണിയില്‍

single-img
25 April 2018

ഇന്ത്യന്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടൊയോട്ട യാരിസ് വിപണിയില്‍. 8.75 ലക്ഷം മുതലാണ് യാരിസിന്റെ വില തുടങ്ങുന്നത്. കാറിന്റെ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ വഴി ടൊയോട്ട ആരംഭിച്ചു. മെയ് മാസത്തില്‍ ഡെലിവറി നടത്താനാണ് കമ്പനിയുടെ പദ്ധതി.

നിലവില്‍ ഹോണ്ട ‘സിറ്റി’യും ഹ്യുണ്ടേയ് ‘വെര്‍ണ’യും മാരുതി സുസുക്കി ‘സിയാസു’മൊക്കെ അരങ്ങുവാഴുന്ന ഇടത്തരം സെഡാന്‍ വിപണി പിടിക്കാനാണു ‘യാരിസി’ന്റെ വരവ്. അരങ്ങേറ്റ വേളയില്‍ പെട്രോള്‍ എന്‍ജിനോടെ മാത്രമാവും ‘യാരിസ്’ വില്‍പ്പനയ്ക്കുണ്ടാവുക;

1.5 ലീറ്റര്‍, നാലു സിലിണ്ടര്‍ ഡ്യുവല്‍ വി വി ടി ഐ പെട്രോള്‍ എന്‍ജിനോടെ മാത്രമാവും കാര്‍ ലഭിക്കുക. പരമാവധി 108 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന എന്‍ജിനു കൂട്ട് ആറു സ്പീഡ് മാനുവല്‍, ഏഴു സ്റ്റെപ് സി വി ടി(ഓട്ടമാറ്റിക്) ട്രാന്‍സ്മിഷനുകളാവും. മാത്രമല്ല, സമീപ ഭാവിയിലൊന്നും ‘യാരിസി’ന്റെ ഡീസല്‍ പതിപ്പ് പുറത്തിറക്കാന്‍ ടി കെ എമ്മിനു പദ്ധതിയുമില്ല.

കൈകളുടെ ചലനം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ടച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനം, 60:40 അനുപാതത്തില്‍ വിഭജിക്കാവുന്ന പിന്‍സീറ്റ്, ക്രമീകരിക്കാവുന്ന നെക്ക് റെസ്‌ട്രെയ്ന്റ്, ആംബിയന്റ് ലൈറ്റിങ്, മുകളില്‍ ഘടിപ്പിച്ച എയര്‍ കണ്ടീഷനര്‍ വെന്റ്, മുന്നില്‍ പാര്‍ക്കിങ് സെന്‍സര്‍, പവേഡ് ഡ്രൈവര്‍ സീറ്റ് തുടങ്ങിയവയൊക്കെ ‘യാരിസി’ല്‍ ടി കെ എം ലഭ്യമാക്കും. സുരക്ഷാ വിഭാഗത്തിലാവട്ടെ ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്രൈവറുടെ മുട്ടിനടക്കം ഏഴ് എയര്‍ബാഗ്, ഹില്‍ സ്റ്റാര്‍ട് അസിസ്റ്റ്, എ ബി എസ്, ഇ ബി ഡി, ഇ എസ് പി തുടങ്ങിയവയൊക്കെയുണ്ടാവും.