കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ച്; കാമുകന്മാര്‍ക്കു പങ്കില്ലെന്ന് പോലീസ്

single-img
25 April 2018

പിണറായിലെ കൊലപാതകങ്ങള്‍ അറസ്റ്റിലായ സൗമ്യ തനിച്ച് നടപ്പിലാക്കിയതാണെന്ന് പോലീസ്. കൊലപാതകങ്ങളില്‍ സൗമ്യയുടെ കാമുകന്മാര്‍ക്കു പങ്കില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതുവരെയുള്ള അന്വേഷണത്തില്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും തനിച്ചാണെന്നാണ് പോലീസ് കണ്ടെത്തല്‍.

സൗമ്യയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രണ്ടു പേരെ വിട്ടയച്ചു. എന്നാല്‍ ഒരാള്‍ നിലവില്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. സൗമ്യയെ തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

സൗമ്യയെ ഇന്നുതന്നെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും. സൗമ്യയെ തെളിവെടുപ്പിനു കൊണ്ടു വരുമെന്നു കരുതി പിണറായിയിലെ വീടിനു പരിസരത്ത് ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടെങ്കിലും ഇന്നു തെളിവെടുപ്പിനു സാധ്യതയില്ല. കാമുകന്മാരുടെ ഇടയില്‍ താന്‍ നഗ്‌നയായി കിടക്കുന്നത് മകള്‍ ഐശ്വര്യ കണ്ടിരുന്നുവെന്നും ഇതിലുള്ള ദേഷ്യം തീര്‍ക്കാന്‍ അന്ന് അവളുടെ മുഖത്തടിക്കുകയും പിന്നീട് കൊല്ലുകയുമായിരുന്നുവെന്നും സൗമ്യയുടെ മൊഴിയിലുണ്ട്.

16 കാരന്‍ മുതല്‍ 60 കാരന്‍ വരെ തന്റെ ഇടപാടുകാരിലുണ്ടെന്നും 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ സൗമ്യ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ജനുവരിയിലെ ഒരു അര്‍ദ്ധ രാത്രിയില്‍ മകള്‍ ഐശ്വര്യ മാതാവിനെ അടുത്ത് തെരഞ്ഞപ്പോള്‍ കണ്ടില്ല. അമ്മയെ തെരഞ്ഞ് കുട്ടി മുറിയിലെ ലൈറ്റിട്ടു. ഈ സമയം രണ്ട് യുവാക്കളുടെ നടുവില്‍ താന്‍ നഗ്‌നയായി കിടക്കുന്നതാണ് മകള്‍ കണ്ടത്. ഇതിന്റെ അരിശം തീര്‍ക്കാന്‍ ഐശ്വര്യയെ മുഖത്തടിച്ചു.

അന്നുതന്നെ ഐശ്വര്യയെ ഇല്ലാതാക്കാന്‍ മനസില്‍ തീരുമാനിച്ചിരുന്നതായി സൗമ്യ പോലീസിനോട് പറഞ്ഞു. മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരേയും ഇല്ലാതാക്കിയെന്നും ചോദ്യം ചെയ്യലില്‍ സൗമ്യ വെളിപ്പെടുത്തി. മകളെയും അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷവും സൗമ്യ നാട്ടുകാരെ കബളിപ്പിച്ചുവെന്നു അയല്‍വാസികള്‍ പറഞ്ഞു. അമ്മക്ക് കിഡ്‌നി തകരാര്‍ ആണെന്നും, അച്ഛന് ശ്വാസം മുട്ടല്‍ ആണെന്നും നാട്ടുകാരെ സൗമ്യ വിശ്വസിപ്പിച്ചുവെന്നാണ് ആരോപണം. സൗമ്യ ആണ് കൊല നടത്തിയത് എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്നും അയല്‍വാസികള്‍ പ്രതികരിച്ചു.

എലി വിഷമാണ് എല്ലാവരുടെയും കൊലയ്ക്ക് സൗമ്യ ഉപയോഗിച്ചതെന്ന് രാസപരിശോധന റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. എലിവിഷം സൗമ്യക്ക് വാങ്ങിനല്‍കിയത് ഇവരുമായി ബന്ധമുള്ള ഓട്ടോ ഡ്രൈവറാണെന്നാണ് ഇപ്പോള്‍ പൊലീസിന്റെ നിഗമനം. വീട്ടിലെ സാധാരണ ഉപയോഗിത്തിനെന്ന് കരുതിയാണ് എലിവിഷം വാങ്ങി നല്‍കിയതെന്നാണ് ഇയാള്‍ പറയുന്നത്.

സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (80), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (ഒന്‍പത്) എന്നിവരാണു നാലു മാസത്തിനിടെ ദൂരൂഹ സാഹചര്യങ്ങളില്‍ മരിച്ചത്. മൂന്നു പേരുടെയും ശരീരത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നു സൗമ്യയെ (28) ഇന്നലെ രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ നടന്ന കൊലപാതകമെന്ന നിലയില്‍ വളരെ കരുതലോടെയായിരുന്നു പൊലീസിന്റെ നീക്കം. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടു മരണത്തിന്റെ കാരണം കണ്ടെത്താന്‍ ആവശ്യപ്പെട്ടിരുന്നു. പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്റെ മരണത്തോടെയാണു ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സിഐ കെ.ഇ.പ്രേമചന്ദ്രന്‍ അന്വേഷണം ഏറ്റെടുത്തത്.

യുവതിക്കു കാര്യമായ അസുഖം ഇല്ലെന്നു മനസ്സിലാക്കിയ പൊലീസ് തന്ത്രപൂര്‍വം അവരെ ആശുപത്രി ഐസിയുവിലാക്കി സുരക്ഷിതമാക്കുകയും പുറത്തു തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. യുവതിയുമായി അടുപ്പമുള്ള യുവാക്കളെ വിളിച്ചു മണിക്കൂറുകളോളം ചോദ്യം ചെയ്തതില്‍നിന്നും നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മാതാപിതാക്കളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് പരിശോധിച്ചു. പരിശോധനാ ഫലത്തിലും പ്രശ്‌നങ്ങള്‍ കണ്ടതോടെ പൊലീസ് ഉറപ്പിച്ചു. ഇതു കൊലപാതകമാണെന്ന്. എന്നാല്‍ ഇന്നലെ ഉച്ചവരെയും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെ.ഇ.പ്രേമചന്ദ്രന്‍ ഒന്നും വിട്ടുപറയാന്‍ തയാറായില്ല. ചോദ്യങ്ങള്‍ക്കെല്ലാം ഇനിയും ഒട്ടേറെ കാര്യങ്ങള്‍ കണ്ടെത്താനുണ്ടെന്നു പറഞ്ഞ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

പ്രതി സൗമ്യയെ തലശ്ശേരി റസ്റ്റ് ഹൗസില്‍ എത്തിച്ചു രാവിലെ മുതല്‍ സിഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ഓരോ ഘട്ടത്തിലും പുറത്തുവന്നു മാധ്യമ പ്രവര്‍ത്തകരോട് ഒന്നുമായിട്ടില്ലെന്നും എന്തെങ്കിലുമായാല്‍ വിവരമറിയിക്കാമെന്നുമായിരുന്നു സിഐയുടെ തന്ത്രം.

ഉച്ചയോടെ എഎസ്പി ചൈത്ര തെരേസ ജോണും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമനും സംഘവും കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദനും എത്തി. പിന്നീട് ഉദ്യോഗസ്ഥരുടെ ചോദ്യശരങ്ങള്‍ക്കു മുന്‍പില്‍ പകച്ചുപോയ സൗമ്യ കാര്യങ്ങള്‍ ഒന്നൊന്നായി വിവരിച്ചു. ഈ സമയമത്രയും മാധ്യമപ്രവര്‍ത്തകര്‍ റസ്റ്റ് ഹൗസിനു പുറത്തു തമ്പടിച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ രാത്രി 9.20ന് എഎസ്പി ചൈത്ര തെരേസ ജോണ്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ വന്ന് അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ചു.

കൃത്യം 9.50നു ധര്‍മടം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാര്‍ക്കൊപ്പം സൗമ്യ റസ്റ്റ് ഹൗസിനു പുറത്തേക്ക്, തോര്‍ത്തുകൊണ്ടു മുഖം മറച്ചു കരഞ്ഞുകൊണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലൂടെ പൊലീസ് വാഹനത്തിലേക്ക്. തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധനയും നടത്തി.