മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതാണ് നല്ലതെന്ന് കോടിയേരി; വിമര്‍ശനം നിയമം അറിയാത്തതിനാലെന്ന് തിരിച്ചടിച്ച് ചെയര്‍മാന്‍

single-img
25 April 2018

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ കോടിയേരി ബാലകൃഷ്ണന്‍. ചെയര്‍മാന്‍, സ്ഥാനം രാജിവെച്ചു രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ് നല്ലതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയ നേതാവിനെ പോലെ പെരുമാറുന്നത് ശരിയല്ലെന്നും കസ്റ്റഡിയില്‍ എടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും കോടിയേരി വിശദമാക്കി.

നേരത്തെ കമ്മീഷന്‍ അധ്യക്ഷന്‍ അദ്ദേഹത്തിന്റെ പണി എടുത്താല്‍ മതിയെന്നും മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ ഇടപെടാന്‍ മനുഷ്യാവകാശക്കമ്മീഷന് അവകാശമുണ്ടെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് പറഞ്ഞു.

മുഖ്യമന്ത്രി നിയമം അറിയാതെയാകും കമ്മീഷനെ വിമര്‍ശിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തെക്കാള്‍ നല്ലത് ജുഡീഷ്യറി ആണെന്ന് മനസ്സിലാക്കി രാഷ്ട്രീയം ഉപേക്ഷിച്ച് വന്നയാളാണ് താന്‍ .ഒരു രാഷ്ട്രീയകക്ഷിയോടും തനിക്ക് മമതയില്ലെന്നും അദ്ദേഹം പറഞ്ഞു.

എജിയോട് ചോദിച്ചാല്‍ കമ്മീഷന്റെ അധികാരം മുഖ്യമന്ത്രിക്ക് മനസ്സിലാകുമായിരുന്നെന്ന് മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. വരാപ്പുഴ കസ്റ്റഡിമരണത്തില്‍ മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ട്. അത് ജനങ്ങളെ അറിയിക്കാന്‍ നിയമപരമായ ബാധ്യത കമ്മീഷനുണ്ട്.

ശ്രീജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം പോലീസിനാണ്. പോലീസിനെതിരെ നിരന്തരം മനുഷ്യാവകാശക്കമ്മീഷന് പരാതി കിട്ടാറുണ്ട്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനുള്ള സര്‍ക്കാരിന്റെ അവകാശത്തില്‍ കടന്നുകയറിയിട്ടില്ല. ആരോപണവിധേയനായ ഒരാളെയാണ് പോലീസിന് പരിശീലനം നല്‍കാന്‍ നിയോഗിച്ചത്. ഇതിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും മോഹന്‍ദാസ് പറഞ്ഞു.