കളമശ്ശേരിയില്‍ യുവാവിനെ അക്രമികള്‍ വെട്ടി പരുക്കേല്‍പ്പിച്ച ദൃശ്യം പുറത്ത്: അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് ബന്ധുക്കള്‍

single-img
25 April 2018

കൊച്ചി: കളമശ്ശേരിയില്‍ യുവാവിനെ അക്രമികള്‍ വെട്ടി പരുക്കേല്‍പ്പിച്ച ദൃശ്യം പുറത്തായി. കളമശ്ശേരി വാട്ടേക്കുന്നം ജോര്‍ജിന്റെ മകന്‍ എല്‍ദോസിനാണ് വെട്ടേറ്റത്. ഏപ്രില്‍ 15 നാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതികളെ പിടികൂടുന്നില്ലെന്നു പരാതി ഉയരുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

സംഭവത്തിന് പിന്നില്‍ സിപിഎം അനുഭാവികളാണെന്ന് വെട്ടേറ്റ യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. വെട്ടേറ്റ് കാല്‍ അറ്റുപോയ യുവാവിന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. എല്‍ദോസിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

കാലിന്റെ ശസ്ത്രക്രിയ നടന്നെങ്കിലും ചലനശേഷി തിരികെക്കിട്ടുമോ എന്ന് പറയാറായിട്ടില്ല. എല്‍ദോസിന്റെ സുഹൃത്ത് അരുണിനും വെട്ടേറ്റിട്ടുണ്ട്. സിപിഎം സമ്മര്‍ദ്ദം കാരണമാണ് പൊലീസ് പ്രതികളെ പിടികൂടാത്തതെന്ന് എല്‍ദോസിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

അതേസമയം പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ടെന്നും കളമശേരി പൊലീസ് വ്യക്തമാക്കി. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.