അസുമല്‍ സിന്ധിയെന്ന കുതിരവണ്ടിക്കാരന്‍ ആള്‍ദൈവം ആസാറാം ബാപ്പുവായ കഥ

single-img
25 April 2018

അസുമല്‍ സിന്ധിയെ അറിയാമോ? എന്നു ചോദിച്ചാല്‍ അതാരാ എന്ന് എല്ലാവരും തിരിച്ചു ചോദിക്കും. എന്നാല്‍ അജ്മീറിലെ ദര്‍ഗാ ഷരീഫിലേക്കുള്ള തീര്‍ത്ഥാടകര്‍ വന്നിറങ്ങുന്ന റെയില്‍വേ സ്‌റ്റേഷനില്‍ ചെന്ന് അവിടത്തെ കുതിരവണ്ടിക്കാരോട് ചോദിച്ചാല്‍ അസുമല്‍ സിന്ധിയെ കുറിച്ച് കൃത്യമായി പറഞ്ഞു തരും.

ഇവിടത്തെ കൂലിക്കോടുന്ന പഴയ കുതിരവണ്ടിക്കാരനായിരുന്നു അസുമല്‍ സിന്ധി. ആ അസുമല്‍ സിന്ധിയാണ് ഇന്ന് ലൈംഗിക പീഡന കേസില്‍ വിധികാത്തു കഴിയുന്ന വിവാദ ആള്‍ദൈവം ആസാറാം ബാപ്പു. സമ്പന്നനും ആത്മീയ ആചാര്യനുമായി മാറും മുമ്പ് അജ്മീറിലെ ഖരി കുയി ടോംഗ സ്റ്റാന്റിലെ ടോംഗാ യൂണിയനില്‍ അംഗമായിരുന്നു ബാപ്പു.

അസുമല്‍ സിന്ധിയോടൊപ്പം അന്ന് പ്രവര്‍ത്തിച്ചിരുന്നവരില്‍ ചിലര്‍ ഇപ്പോഴും കുതിരവണ്ടിക്കാരായി ഇവിടെയുണ്ട്. സാധാരണ മനുഷ്യനായിരുന്ന അസുമല്‍ എങ്ങനെ ആശാറാം ബാപ്പു ആയി എന്ന് ഇവര്‍ പറയും. ഏഴു വയസ്സുള്ളപ്പോള്‍ പാകിസ്താനിലെ സിന്ധില്‍ നിന്നുമാണ് അസാറാം ബാപ്പുവിന്റെ മാതാപിതാക്കള്‍ ഇന്ത്യയില്‍ എത്തിയത്.

ഗുജറാത്തില്‍ ആയിരുന്ന അവര്‍ 1963 ല്‍ അജ്മീറിലേക്ക് വരികയായിരുന്നു. വിഭജനകാലത്തെ പട്ടിണിയിലൂടെയുള്ള ജീവിതത്തിനിടയില്‍ കഠിനമായി അദ്ധ്വാനിച്ചാണ് അസുമല്‍ കുടുംബത്തെ പോറ്റിയിരുന്നത്. ഖരി കുയിയിലെ കുതിരവണ്ടിയില്‍ യാത്രക്കാരെ കാത്ത് ഇയാള്‍ പതിവായി ഇരിക്കുന്നത് മുന്‍കാല സഹപ്രവര്‍ത്തകരുടെ ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട്.

പിന്നീട് ചായക്കച്ചവടക്കാരനായും മദ്യക്കച്ചവടക്കാരനായും ജോലി ചെയ്തിട്ടുണ്ട്. പിന്നീട് അമ്മയില്‍ നിന്ന് മെഡിറ്റേഷനും ആത്മീയതയും പഠിച്ച് യോഗ ഗുരുവും, ധ്യാന ഗുരുവായി ആശ്രമങ്ങള്‍ സ്ഥാപിച്ചു. 1971ല്‍ സബര്‍മതിയിലെ മഹാത്മഗാ ഗാന്ധിയുടെ ആശ്രമത്തിന് അധികം അകലെയല്ലാതെയുള്ള സ്ഥലത്ത് ഒരു ചെറ്റക്കുടിലില്‍ ആത്മീയ ജീവിതം തുടങ്ങിയതാണ് അസാറാം. വെറും പത്ത് അനുയായികളുമായിട്ടായിരുന്നു അസാറാം അഹമ്മദാബാദില്‍ തന്റെ ആശ്രമം സ്ഥാപിച്ചത്. സൂററ്റിലായിരുന്നു അസാറാമിന്റെ വേരുകള്‍ ആഴത്തില്‍ പിടിച്ചത്.

അവിടെ അദ്ദേഹത്തിന് വലിയൊരു അനുയായിവൃന്ദത്തെ ലഭിച്ചു. ഇതില്‍ ഭൂരിഭാഗം പേരും ഗോത്ര വര്‍ഗക്കാരായിരുന്നു. അനുയായികള്‍ കൂടിയതോടെ രാഷ്ട്രീയ ശ്രദ്ധയും അസാറാമിനെ തേടിയെത്തി. അദ്ദേഹത്തിന്റെ ആത്മീയ സത്‌സംഗുകളില്‍ രാഷ്ട്രീയക്കാര്‍ സ്ഥിരമായി അതിഥികളാവാനും തുടങ്ങി.

അസാറാമിന് ആശ്രമം തുടങ്ങുന്നതിന് വേണ്ടി ഭൂമി വെറുതെ നല്‍കാന്‍ കോണ്‍ഗ്രസ് ബി.ജെ.പി സര്‍ക്കാരുകള്‍ മത്സരിച്ചു. ഭാര്യ ലക്ഷ്മി ദേവി, മകള്‍, മകന്‍ നാരായണ്‍ സായ് എന്നിവരായിരുന്നു ആശ്രമത്തിന്റേയും മറ്റ് സ്ഥാപനങ്ങളുടേയും കാര്യങ്ങള്‍ നോക്കിയിരുന്നത്. അസാറാമിന്റെ ശിഷ്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ചെയ്തതിന് 2002 മുതല്‍ 2005 വരെ ജയിലില്‍ കിടന്നിട്ടുണ്ട് നാരായണ്‍ സായി.

സൂററ്റ് സ്വദേശിനിയായ യുവതിയാണ് പീഡനത്തിരയായത്. 20 വര്‍ഷം കൊണ്ട് ലക്ഷക്കണക്കിന് അനുയായികളെ അസാറാം സ്വന്തമാക്കി. ഇന്ത്യയെ കൂടാതെ അമേരിക്ക, ഹോങ്കോംഗ്, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും അസാറാമിന് ആശ്രമങ്ങളും അനുയായികളുമുണ്ട്.

ആത്മീയതയെ മികച്ച രീതിയില്‍ വിപണനം നടത്തിയിരുന്നയാളായിരുന്നു അസാറാം. ഭക്ഷണം, ഗൃഹോപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയെല്ലാം തികച്ചും സൗജനമ്യായാണ് അസാറാം അനുയായികള്‍ക്ക് നല്‍കിയിരുന്നത്. ഇതിലൂടെയെല്ലാം ആത്മീയതയെ ഫലപ്രദമായി വില്‍ക്കുകയായിരുന്നു അസാറാം ചെയ്തത്. അതേസമയം, ഇതിന്റെയെല്ലാം മറവില്‍ പലയിടങ്ങളിലും അസാറാം ടൗണ്‍ഷിപ്പുകള്‍ പണിയുകയും കണ്ണായ സ്ഥലങ്ങളില്‍ കോടികളുടെ ഭൂമിയും സ്വന്തമാക്കി. എന്തിനേറെ പറയുന്നു ഓഹരി വിപണികളിലും അസാറാം നിക്ഷേപം നടത്തി.

2008ലാണ് അസാറാമിന്റെ ശനിദശ തുടങ്ങിയത്. ബന്ധുക്കളായ ദീപേഷ് വഗേല (10), അഭിഷേക് വഗേല (11) എന്നിവരുടെ വികൃതമാക്കപ്പെട്ട മൃതദേഹങ്ങള്‍ സബര്‍മതി നദിയുടെ തീരത്തെ ആശ്രമത്തില്‍ കണ്ടെത്തിയതോടെയാണ് അസാറാം വില്ലനായി മാറിയത്. മൃതദേഹങ്ങളുടെ അവയവങ്ങള്‍ പലതും കാണാതായിരുന്നു.

ഇതോടെ, ആസാറാമിന് അവയവമോഷണ മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നു. ആഭിചാരത്തിലൂടെ തന്റെ മകനെ കൊന്ന് അവയവങ്ങള്‍ കടത്തിയെന്ന് ആരോപിച്ച് അഭിഷേകിന്റെ പിതാവ് ശാന്തിലാല്‍ വഗേല ആശ്രമത്തിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. സംഭവത്തെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷം മാത്രമാണ് ശാന്തിലാല്‍ നിരാഹാരം അവസാനിപ്പിച്ചത്.

ആശാറാം ബാപ്പുവിന് 2300 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ആശ്രമത്തിനും ബിനാമി നിക്ഷേപമുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഴ് കമ്പനികളുടെ പേരിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ്, മ്യൂച്വല്‍ ഫണ്ട്, ഓഹരി, കിസാന്‍ വികാസ് തുടങ്ങിയ മേഖലകളില്‍ ബിനാമി നിക്ഷേപങ്ങള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ബാപ്പുവിന്റെ നേതൃത്വത്തില്‍ പലിശയ്ക്ക് പണം നല്‍കുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 3,800 കോടി രൂപ കടം നല്‍കിയിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.

അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ 11 നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ആശാറാം ബാപ്പുവിന്റെയും അനുയായികളുടെയും പേരിലുള്ള 71 കേന്ദ്രങ്ങളില്‍ വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്നായി 22,000 രേഖകളും പണമിടപാടുകള്‍ സംബന്ധിച്ചുള്ള 300 ജി.ബി ഡാറ്റകളും കണ്ടെത്തിയിരുന്നു.

2013 ഓഗസ്റ്റ് 31 നാണു ജോധ്പുരിലെ ആശ്രമത്തില്‍വച്ചു 16 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആസാറാം ബാപ്പുവിനെ പിടികൂടിയത്. മധ്യപ്രദേശിലെ ചിണ്ട്‌വാര സ്വദേശികളാണു പെണ്‍കുട്ടികളും കുടുംബാംഗങ്ങളും. ആസാറാം ബാപ്പുവിന്റെ അനുയായികളുമായിരുന്നു.

പെണ്‍കുട്ടിയും സഹോദരനും ആശ്രമം വക സ്‌കൂളിലെ വിദ്യാര്‍ഥികളുമായിരുന്നു. ഈ പെണ്‍കുട്ടി സ്‌കൂളില്‍ ബോധംകെട്ടു വീണതോടെയാണു പീഡന വിവരം ലോകമറിഞ്ഞത്. ‘ദുഷ്ട ശക്തികളെ’ ഒഴിപ്പിക്കാനെന്ന പേരില്‍ ആസാറാം ബാപ്പു തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പിന്നീടു വെളിപ്പെടുത്തുകയായിരുന്നു.