16 കാരിയെ ബലാത്സംഗം ചെയ്ത കേസ്; വിവാദ ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരന്‍

single-img
25 April 2018

പതിനാറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തകേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു (77) കുറ്റക്കാരനെന്ന് കോടതി. രാജസ്ഥാനിലെ ജോധ്പുരില്‍ പട്ടികജാതിപട്ടിക വര്‍ഗക്കാരുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ബുധനാഴ്ച്ച രാവിലെയാണ് ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ജഡ്ജി മധുസൂദന്‍ ശര്‍മയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. അഞ്ച് വര്‍ഷം മുമ്പ് 2013 ഓഗ്‌സറ്റ് 15നായിരുന്നു പെണ്‍കുട്ടി പീഡനം നേരിട്ടത്. അഞ്ച് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ആസാറാം കുറ്റക്കാരനാണെന്ന വിധി വരുന്നത്. ആസാറാമിനൊപ്പം പ്രതികളായ രണ്ടുപേര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.

പോക്‌സോ വകുപ്പുകളില്‍ ഉള്‍പ്പടെയാണ് ആസാറാം ബാപ്പുവിനെതിരെ പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്. പ്രധാനസാക്ഷികളായ മൂന്ന് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് വര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതികള്‍.

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരേ പോലും വധഭീഷണി ഉയര്‍ന്നിരുന്നു. ഇതിനൊപ്പം, ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിനും ആസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസുണ്ട്.

അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്താണു ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ വിധി പ്രഖ്യാപിച്ചത്. അതേസമയം, ജോധ്പൂര്‍ നഗരത്തില്‍ 21 മുതല്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ശക്തമാക്കി. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചതായാണ് എഴുപത്തേഴുകാരനായ അസാറാമിനെതിരായ കേസ്.

ദേരാ സച്ച സൗധ തലവന്‍ ഗുര്‍മീത് സിങ്ങിന്റെ കാര്യത്തിലെന്ന പോലെ ശക്തരായ അനുയായിവൃന്ദമുള്ള ആളാണ് അസാറാമും. ഗുര്‍മീതിനെ ശിക്ഷിച്ച ദിവസം അനുയായികള്‍ ഹരിയാനയിലെ പഞ്ച്കുലയില്‍ 35 പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ അക്രമം അഴിച്ചുവിട്ടിരുന്നു.

ഇതു കണക്കിലെടുത്തു പൊലീസ് നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി, ജയിലിനുള്ളില്‍ തന്നെ വിധി പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയത്. രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളോടു സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കുടുംബത്തിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.