നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍

single-img
24 April 2018

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നിലവിലെ സാഹചര്യത്തില്‍ ഒരു തരത്തിലും നടപ്പാക്കാന്‍ കഴിയില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍. ശമ്പള വര്‍ധനവ് സംബന്ധിച്ച് ഇന്നലെ രാത്രി സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് ആശുപത്രി മാനേജ്‌മെന്റുകള്‍ രംഗത്ത് വന്നത്.

ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും മാനേജ്‌മെന്റുകള്‍ ഒരുങ്ങുന്നുണ്ട്. മറ്റന്നാള്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ കൊച്ചിയില്‍ സംഘടനകള്‍ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും കോടതിയെ സമീപിക്കുന്നത്. അതേസമയം ഉത്തരവ് നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. ശമ്പള വര്‍ധന മുന്‍കാല പ്രാബല്യത്തില്‍ ലഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ജാസ്മിന്‍ വ്യക്തമാക്കി.

മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള വിജ്ഞാപനത്തിലുള്ളത്. ഇത് നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരുമെന്നും അതല്ല ചെറിയ രീതിയിലെങ്കിലും നടപ്പാക്കുകയാണെങ്കില്‍ ചികിത്സാ ചെലവ് അടക്കം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ലോങ്മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നഴ്‌സുമാര്‍ മാറ്റിവെച്ചിരുന്നു.

വര്‍ധന ഇങ്ങനെ

* 100 കിടക്കകള്‍വരെയുള്ള ആശുപത്രിയിലാണ് 20,000 രൂപ അടിസ്ഥാന ശമ്പളം
* 101 മുതല്‍ 300 കിടക്കകള്‍വരെ 22,000 രൂപ.
* 301-500 വരെ 24,000 രൂപ. 501-700 വരെ 26,000 രൂപ
* 701-800 വരെ 28,000 രൂപ
* 800-നുമുകളില്‍ 30,000 രൂപ
* അടിസ്ഥാനശമ്പളം ഇരട്ടിയലധികം വര്‍ധിപ്പിക്കുന്നതിനോടൊപ്പം 50 ശതമാനംവരെ അധിക അലവന്‍സും കിട്ടും.

* ആശുപത്രികളിലെ മറ്റ് ജീവനക്കാര്‍ക്ക് 16,000 മുതല്‍ 22,090 രൂപവരെ അടിസ്ഥാന ശമ്പളം. പരമാവധി 12.5 ശതമാനംവരെ അധിക അലവന്‍സും.

* പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് 16,400 രൂപ മുതലാണ് അടിസ്ഥാന ശമ്പളം. പരമാവധി 15 ശതമാനംവരെ അധിക അലവന്‍സും. * വേതനത്തിനുപുറമേ, സര്‍വീസ് വെയിറ്റേജ്, ക്ഷാമബത്ത, വാര്‍ഷിക ഇന്‍ക്രിമെന്റ് എന്നിവയും ലഭിക്കും.

* ആശുപത്രികളിലെ കിടക്കകളുടെ എണ്ണമനുസരിച്ച് പരമാവധി 30,000 രൂപവരെ ഇവര്‍ക്ക് ശമ്പളം കിട്ടും.

* 7775 രൂപ ലഭിക്കുന്ന പൊതുവിഭാഗത്തിലെ ജീവനക്കാരന് 16,000 രൂപയായിരിക്കും ഇനി അടിസ്ഥാനശമ്പളം. പരമാവധി അലവന്‍സ് 2000 രൂപ.

* നിലവില്‍ 7825 രൂപ അടിസ്ഥാന ശമ്പളമുള്ള പാരാ മെഡിക്കല്‍ സ്റ്റാഫിന് കുറഞ്ഞത് 16,400 രൂപ അടിസ്ഥാന വേതനവും പരമാവധി 2460 രൂപ അധിക അലവന്‍സും കിട്ടും.

* 2017 ഒക്ടോബര്‍ ഒന്നുമുതലുള്ള ക്ഷാമബത്ത, സര്‍വീസ് വെയിറ്റേജ്, വാര്‍ഷിക ഇന്‍ക്രിമെന്റ് എന്നിവയ്ക്കും ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്.

* കിടക്കകളുടെ അടിസ്ഥാനത്തില്‍ നഴ്സുമാര്‍ക്ക് അഞ്ചുമുതല്‍ 33 ശതമാനംവരെയാണ് അലവന്‍സുകള്‍ ലഭിച്ചിരുന്നത്. ഇത് 10 മുതല്‍ 50 ശതമാനംവരെയായി വര്‍ധിപ്പിച്ചു.