തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം അക്കൗണ്ടില്‍ എന്ന് വരും?: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി ഇങ്ങനെ

single-img
24 April 2018

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടുകളില്‍ എന്നെത്തുമെന്ന ചോദ്യത്തോട് മുഖംതിരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. അധികാരത്തിലേറിയാല്‍ വിദേശത്തുനിന്ന് കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് രാജ്യത്തെ ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്നായിരുന്നു 2014ല്‍ മോദിയുടെ വാഗ്ദാനം.

മോദിയുടെ വാഗ്ദാനം ചൂണ്ടിക്കാട്ടി മോഹന്‍കുമാര്‍ ശര്‍മ എന്നയാളാണ് 2016 നവംബര്‍ 26ന് വിവരാവകാശ അപേക്ഷ നല്‍കിയത്. നോട്ടസാധുവാക്കല്‍ നടപ്പാക്കി 18 ദിവസത്തിനുശേഷമായിരുന്നു അത്. ഈ 15 ലക്ഷം രൂപ ഓരോ പൗരന്റെയും അക്കൗണ്ടിലെത്തുന്നത് എന്നാണെന്നും എങ്ങനെയാണെന്നുമായിരുന്നു അപേക്ഷയിലെ പ്രധാനചോദ്യങ്ങള്‍.

മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം കേന്ദ്ര വിവരാവകാശ കമ്മിഷനില്‍ അപ്പീല്‍ നല്‍കി. പി.എം.ഒ.യും റിസര്‍വ് ബാങ്കും ചോദ്യത്തിനാവശ്യമായ മറുപടികള്‍ നല്‍കിയില്ലെന്ന് ശര്‍മ മുഖ്യ വിവരാവകാശ കമ്മിഷണറായ ആര്‍.കെ. മാഥുറിനോട് പറഞ്ഞു.

ഇതിനു മറുപടി ആരായവേയാണ് ഈ വിവരങ്ങളൊന്നും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് പി.എം.ഒ. കമ്മിഷനെ അറിയിച്ചത്. നോട്ടസാധുവാക്കല്‍ പ്രഖ്യാപിക്കുംമുന്‍പ് എങ്ങനെയാണ് അച്ചടിമാധ്യമങ്ങള്‍ക്ക് അതേക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും ശര്‍മയുടെ അപേക്ഷയില്‍ ചോദിക്കുന്നു. അതിനും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു.