‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍… എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്?: കെഎസ്ആര്‍ടിസി ബസിനോട് പെരുത്തിഷ്ടമെന്ന് പറഞ്ഞ ആ പെണ്‍കുട്ടി ഇതാ…

single-img
24 April 2018

‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ?’ ഏതാനും ദിവസം മുന്‍പ് കെഎസ്ആര്‍ടിസിയിലേക്കു വന്ന ഒരു ഫോണ്‍ സന്ദേശമായിരുന്നു ഇത്.

ഫോണ്‍ സന്ദേശം വൈറലായതോടെ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി ഇടപെട്ട് കണ്ണൂരില്‍ നിന്ന് ബസ് ഈരാറ്റുപേട്ടയിലെത്തിച്ചു. പിന്നീട് ബസിനു മുന്നില്‍ തന്നെ ചുവന്ന അക്ഷരത്തില്‍ ‘ചങ്ക്’ എന്നു പേരും എഴുതി സര്‍വീസും നടത്തി തുടങ്ങി.

പക്ഷേ ആഫോണ്‍ കോളിനു പിന്നിലെ പെണ്‍കുട്ടി ആരാണെന്നറിയാന്‍ ആളുകള്‍ക്ക് വലിയ താല്‍പര്യമുണ്ടായിരുന്നു. ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ സി.ടി.ജോണിയോട് അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ആ ചങ്ക് പെണ്‍കുട്ടിയെ മാധ്യമങ്ങള്‍ കണ്ടെത്തി. കോട്ടയത്തെ വിദ്യാര്‍ഥിയായ റോസ്മി. പെണ്‍കുട്ടി ഇന്ന് കെഎസ്ആര്‍ടിസി എംഡിയെയും സന്ദര്‍ശിച്ചു. ഫോണ്‍വിളിയില്‍ സഹായിച്ച കൂട്ടുകാരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

കെഎസ്ആര്‍ടിസിയുടെ വലിയ ഫാനാണ് താനെന്നും ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താലാണു വിളിച്ചതെന്നും റോസ്മി പറഞ്ഞു. സംഭാഷണം ഇത്രവേഗം പ്രചരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും റോസ്മി പറഞ്ഞു.

ഏതാനും ദിവസം മുന്‍പാണു ഡിപ്പോയിലേക്കുള്ള പെണ്‍കുട്ടിയുടെ ഫോണ്‍ വിളി സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. ആരോടാണു പരാതി പറയേണ്ടതെന്ന് അറിയില്ലെന്നു പറഞ്ഞായിരുന്നു ഫോണ്‍ വിളി. ആരാണു വിളിക്കുന്നതെന്നു ചോദിച്ചിട്ടും പെണ്‍കുട്ടി പേരു പറഞ്ഞില്ല.

ഡിഗ്രി വിദ്യാര്‍ഥിയാണ്, ബസിലെ സ്ഥിരം യാത്രക്കാരിയാണ്, ബസിന്റെ ആരാധാകരായി തങ്ങള്‍ കുറേ പേരുണ്ടെന്നുമായിരുന്നു മറുപടി. എംഡിക്കു പരാതി കൊടുത്താല്‍ നടപടിയുണ്ടാകുമോ എന്നും ചോദ്യമുണ്ടായി. പരാതി കൊടുക്കാന്‍ പോകുകയാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇത്തരത്തിലൊരു പരാതി ആദ്യമായിട്ടാണെന്നും നല്‍കാനുമായിരുന്നു ചിരിയോടെ ജോണിയുടെ നിര്‍ദേശം. തുടര്‍ന്ന് സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.