ബിഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ ഇന്ത്യയെ പിന്നോട്ടടിക്കുന്നു: വിമര്‍ശനവുമായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗ്

single-img
24 April 2018


ന്യൂഡല്‍ഹി: ബിഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് രാജസ്ഥാന്‍ സംസ്ഥാനങ്ങളാണ് ഇന്ത്യയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് ആസൂത്രണ കമ്മീഷനു പകരം നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിന്റെ സിഇഒ അമിതാഭ് കാന്ത്.

ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ നടത്തിയ പ്രഥമ അബ്ദുല്‍ ഗാഫര്‍ ഖാന്‍ സ്മാരക പ്രഭാഷണത്തിനിടെയായിരുന്നു അമിതാഭിന്റെ പരാമര്‍ശം. സാമൂഹിക സൂചകങ്ങളില്‍ ഇന്ത്യയുടെ പിന്നാക്കാവസ്ഥക്ക് കാരണം ഈ സംസ്ഥാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യ, വ്യാപാര മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും മാനവ വികസന സൂചികയില്‍ ഇപ്പോഴും പിന്നിലാണ്. 188 രാജ്യങ്ങള്‍ അടങ്ങിയ മാനവ വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 131 ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തിലും വ്യാപാര, വാണിജ്യ മേഖലയിലും ദക്ഷിണേന്ത്യയും പടിഞ്ഞാറന്‍ ഇന്ത്യയും വളരെ വേഗം പുരോഗതി കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും പ്രധാനം വിദ്യാഭ്യാസവും ആരോഗ്യവുമാണ്. ഈ രണ്ടു മേഖലകളിലും ഇന്ത്യ ഇഴഞ്ഞാണ് നീങ്ങുന്നത്.

നമ്മുടെ പഠനനിലവാരം ദയനീയമാണ്. അഞ്ചാം ക്ലാസുകാരന് രണ്ടാം ക്ലാസിലെ കണക്കുകള്‍ പോലും ചെയ്യാന്‍ പ്രാപ്തിയില്ല. മാതൃഭാഷ വായിക്കാന്‍ പോലുമറിയാത്ത അഞ്ചാം ക്ലാസുകാരുമുണ്ട്. ശിശുമരണങ്ങള്‍ ഇവിടെ വളരെ ഉയര്‍ന്ന നിലയിലാണ്. ഈ മേഖലകളിലൊക്കെ കൃത്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യവികസനം ദുഷ്‌കരമാകുമെന്നും അമിതാഭ് പറഞ്ഞു.