തൃശൂര്‍ പൂര പ്രേമികള്‍ക്ക് ഇരുട്ടടി; വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമില്ല; മുകളില്‍ പോയി പൊട്ടുന്നതു ദൂരെനിന്നു കാണാനെ പറ്റൂ

single-img
23 April 2018

പൂര പ്രേമികള്‍ക്ക് ഇരുട്ടടി നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. പൂരം കാണാന്‍ വരുന്നവര്‍ക്ക് വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാനുള്ള അനുമതി തടഞ്ഞാണ് പുതിയ ഉത്തരവ് പുറപ്പെടിവിച്ചിരിക്കുന്നത്. ആദ്യമായാണു ഇത്തരമൊരു നടപടി.

വെടിക്കെട്ടു നടക്കുന്ന രാഗം തിയറ്റര്‍ മുതല്‍ നായ്ക്കനാല്‍വരെ ആരെയും നില്‍ക്കാന്‍ അനുവദിക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. ഇതോടെ ഇന്നു നടക്കുന്ന സാംപിളും 26നു വെളുപ്പിനു നടക്കുന്ന വെടിക്കെട്ടും കാണാന്‍ അവസരമില്ലാതായി. മുകളില്‍ പോയി പൊട്ടുന്നതു ദൂരെനിന്നു കാണാമെന്നു മാത്രം.

ഫലത്തില്‍ കാണികളില്ലാതെ വെടിക്കെട്ടു നടക്കുന്ന അവസ്ഥയായി. വെടിക്കെട്ട് അവസാനിക്കുന്ന ഫിനിഷിങ് പോയന്റ് ഒഴിച്ചുള്ള സ്ഥലത്തു കാണികളെ അനുവദിച്ചിരുന്നു. അതു വേണ്ടെന്നാണു പൊലീസ് തീരുമാനം. കുടമാറ്റത്തിന് രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ കാണികളെ നിര്‍ത്താനുള്ള ശ്രമത്തിലും പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവരുന്നതെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.