14 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിജെപിക്കാരന്‍ ത്രിപുര മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്ത്: ചിത്രങ്ങള്‍ പുറത്ത്

single-img
23 April 2018

ത്രിപുരയില്‍ 14 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രമുഖ ബിസിനസുകാരന്‍ മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കോവൈ ജില്ലക്കാരനായ മനോജ് ദേബ് എന്നയാളാണ് കേസില്‍ അറസ്റ്റിലായത്.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ നാലു തവണയോളം പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയെന്ന് പരാതിയില്‍ പറയുന്നു. ഖെവായ് ജില്ലയില്‍ തെലിയമുറയില്‍ നിന്നുള്ള അറിയപ്പെടുന്ന വ്യവസായ പ്രമുഖനാണ് മനോജ് ദെബ്. സംഭവത്തിന് പിന്നാലെ വിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഫെബ്രുവരി 11 നാണ് ഇയാള്‍ തന്നെ ആദ്യമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പിന്നീട് ഭീഷണിപ്പെടുത്തിയും മൂന്ന് തവണ ബലാത്സംഗം ചെയ്തു. ഇതിന് പിന്നാലെ പെണ്‍കുട്ടി സംഭവം തന്റെ ഉറ്റസുഹൃത്തിനെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോക്‌സോ ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തും അനുയായിയുമായ ഇയാള്‍ക്ക് ഭരണതലത്തില്‍ വലിയ പിടിപാടുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. മനോജ് ദേബിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കോവൈ പൊലീസ് സൂപ്രണ്ട് കൃഷ്‌ണേന്ദു ചക്രവര്‍ത്തി പറഞ്ഞു.