കരയിലേക്കു തിരമാലകള്‍ ഇരച്ചുകയറി; കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം

single-img
22 April 2018

പടിഞ്ഞാറന്‍ തീരത്തും തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തും ലക്ഷദ്വീപിലും വ്യാപകമായി കടല്‍ക്ഷോഭമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെ സംസ്ഥാനത്തെ പല ജില്ലകളുടെയും തീരപ്രദേശത്തു ശക്തമായ കടലാക്രമണം. ആലപ്പുഴ ചേന്നവേലി, കാട്ടൂര്‍, ആറാട്ടുപുഴ പ്രദേശങ്ങളിലാണു വൈകിട്ട് മൂന്നരയോടെ ശക്തമായ കടലാക്രമണമുണ്ടായത്.

പലയിടത്തും കരയിലേക്കു തിരമാലകള്‍ ഇരച്ചുകയറുകയാണ്. ഒറ്റമശേരി പ്രദേശത്തു വീടുകളില്‍ വെള്ളം കയറി. തീരത്തുള്ള വീടുകളില്‍ ചിലത് തകര്‍ച്ചയുടെ വക്കിലാണ്. മലപ്പുറത്ത് പൊന്നാനിയിലും ശക്തമായ തിരയാക്രമണമുണ്ട്. അഴിമുഖത്ത് ജങ്കാര്‍ റോഡിലേക്കും മീന്‍ ചാപ്പകളിലേക്കും വെള്ളം കയറി.

എറണാകുളത്ത് ഞാറയ്ക്കല്‍ ആറാട്ടുവഴി, നായരമ്പലം വെളിയത്താന്‍പറമ്പ്, എടവനക്കാട് അണിയില്‍ ബീച്ചുകളില്‍ തിരമാലകള്‍ ശക്തമാണ്. റോഡുകളിലേക്കും കടല്‍ഭിത്തി പരിസരത്തേക്കും വെള്ളം കയറി. വീടുകളിലേക്കു കയറിയിട്ടില്ല. കൊല്ലത്ത് അഴീക്കല്‍ പൊഴിക്ക് സമീപവും ഇരവിപുരത്തും ചെറിയ തോതില്‍ കടലാക്രമണം. ആലപ്പാട് തീരത്തു ശക്തമായി തിരയടിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ഏതാനും ദിവസങ്ങളായി കടലാക്രമണം ശക്തമാണ്. വലിയതുറ, ശംഖുമുഖം തീരത്താണ് പ്രക്ഷുബ്ധമായ കടല്‍ തീരത്തേക്ക് അടിച്ചു കയറുന്നത്. പത്തിലധികം വീടുകള്‍ ഇതിനോടകം കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിട്ടുണ്ട്. ശക്തമായ കടലാക്രമണം തുടരുന്നതിനാല്‍ കൂടുതല്‍ വീടുകള്‍ തകരുമോ എന്ന ആശങ്കയിലാണ് തീരദേശത്തെ ജനങ്ങള്‍.

മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.