കുഞ്ഞുങ്ങളെ മാനഭംഗം ചെയ്താല്‍ തൂക്കിക്കൊല്ലും: ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു

single-img
22 April 2018

ന്യൂഡല്‍ഹി: പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു. ഇനി ഇത് ആറ് മാസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ പാസാക്കിയാല്‍ നിയമമാകും.

മാനഭംഗത്തിനുള്ള കുറഞ്ഞശിക്ഷ ഏഴു വര്‍ഷത്തില്‍നിന്നു 10 വര്‍ഷം കഠിനതടവാക്കി ഉയര്‍ത്തിയ ക്രിമിനല്‍ നിയമഭേദഗതി ആക്ട് 2018ല്‍ 16നും 12നും താഴെ പ്രായമുള്ള കുട്ടികളെ മാനഭംഗം ചെയ്താല്‍ കഠിനശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്. മാനഭംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ പ്രായം പതിനാറില്‍ താഴെയാണെങ്കില്‍ ശിക്ഷ പത്തില്‍നിന്ന് 20 വര്‍ഷം കഠിനതടവായി ഉയര്‍ത്തി.

ഇതു ജീവിതാവസാനം വരെ തടവുശിക്ഷയായി നീട്ടാം. പതിനാറില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്താല്‍ ജീവിതാവസാനം വരെ കഠിനതടവാണു ശിക്ഷ. പെണ്‍കുട്ടിയുടെ പ്രായം 12ല്‍ താഴെയാണെങ്കില്‍ കുറഞ്ഞത് 20 വര്‍ഷം മുതല്‍ ജീവിതാവസാനം വരെ കഠിനതടവോ വധശിക്ഷയോ ലഭിക്കാമെന്നതാണ് ഭേദഗതി.

ഈ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി നിലവിലുള്ള പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമം ഭേദഗതി ചെയ്യും. ഇപ്പോള്‍ പോക്‌സോ നിയമപ്രകാരം കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്കു പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്; കുറഞ്ഞശിക്ഷ ഏഴുവര്‍ഷം തടവും.

ഓര്‍ഡിനന്‍സിലെ മറ്റു പ്രധാന വ്യവസ്ഥകള്‍: ബാലികാ പീഡനക്കേസിലെ പ്രതിക്കു മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ പാടില്ല. ഇത്തരം കേസുകള്‍ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കും. അന്വേഷണവും വിചാരണയും നാലു മാസത്തിനകം പൂര്‍ത്തിയാക്കണം. പീഡനക്കേസുകള്‍ക്കായുള്ള പ്രത്യേക ഫൊറന്‍സിക് കിറ്റുകള്‍ രാജ്യത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും ഭാവിയില്‍ ലഭ്യമാക്കുകയും ചെയ്യും.

കൂട്ടമാനഭംഗത്തിന് ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വധശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ പോക്‌സോ നിയമത്തില്‍ അതുണ്ടായിരുന്നില്ല. രാജ്യമെങ്ങും പെണ്‍കുഞ്ഞുങ്ങള്‍ക്കു നേരെ ആക്രമണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണു കേന്ദ്രമന്ത്രിസഭാ തീരുമാനം.