യെച്ചൂരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാനുള്ള സമ്മര്‍ദ്ദ തന്ത്രവുമായി കാരാട്ട്പക്ഷം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിര്‍ണായക ചരടുവലികള്‍

single-img
22 April 2018

ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതില്‍ കാരാട്ട്, യെച്ചൂരി പക്ഷത്തില്‍ ഭിന്നത. കേന്ദ്ര കമ്മറ്റിയില്‍ സീതറാം യെച്ചൂരിയുടെ പേര് ഏകകണ്ഠമായി വന്നാല്‍ അദ്ദേഹത്തിന് തുടരാം അല്ലങ്കില്‍ മറ്റു പേരുകള്‍ പരിഗണിക്കണമെന്ന് കാരാട്ട് പക്ഷം നിലപാട് സ്വീകരിച്ചു.

പോളിറ്റ് ബ്യൂറോയില്‍ മാറ്റം വേണമെന്നാണ് സീതാറാം യെച്ചൂരിയുടെ നിലപാട്. എന്നാല്‍ നിലവിലെ രീതിയില്‍ മുന്നോട്ട് പോകുക അല്ലെങ്കില്‍ ജനറല്‍ സെക്രട്ടറിയെ മാറ്റുക എന്ന നിലപാടാണ് കാരാട്ട് പക്ഷത്തിന് ഉള്ളത്. പിബിയിലും സിസിയിലും പുതുമുഖങ്ങള്‍ വരുന്നത് ഇരുസമിതികളിലും തങ്ങള്‍ക്ക് ഇപ്പോഴുള്ള ഭൂരിപക്ഷത്തെ ബാധിക്കാമെന്നാണു കാരാട്ട്പക്ഷത്തിന്റെ വിലയിരുത്തല്‍.

ഭൂരിപക്ഷം പഴയ രീതിയില്‍ തുടര്‍ന്നാല്‍ തനിക്കു പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകുക എളുപ്പമല്ലെന്നാണു യച്ചൂരിയുടെ വിലയിരുത്തല്‍. അതിനാല്‍, പിബിയിലും സിസിയിലും സമഗ്രമായ അഴിച്ചുപണി അദ്ദേഹം താല്‍പര്യപ്പെടുന്നു. ഇപ്പോഴുള്ള കേന്ദ്രകമ്മറ്റിയില്‍ കരാട്ട് പക്ഷത്തിനും മേധാവിത്വവും കേരളഘടകത്തിന് കാര്യമായ പ്രാധിനിത്യവുമുണ്ട്.

പല സംസ്ഥാനങ്ങളിലും സെക്രട്ടറിമാര്‍ മാറിയിട്ടുണ്ട്. നേരത്തെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കേന്ദ്ര കമ്മറ്റിയില്‍ എത്തിയവരെ മാറ്റി പുതിയവരെ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിലൂടെ യെച്ചൂരിക്ക് കൂടുതല്‍ പിന്തുണ ഉറപ്പാക്കാനാകുമെന്നും കണക്കാക്കുന്നു. പത്തോളം സംസ്ഥാനങ്ങളില്‍ പുതിയ സെക്രട്ടറിമാര്‍ വന്നിട്ടുണ്ട്.

അതേ സമയം നിലവിലെ കമ്മറ്റികളില്‍ മാറ്റം വരേണ്ടന്ന നിലപാടിലാണ് കേരളഘടകവും മറ്റും. എസ്.രാമചന്ദ്രന്‍ പിള്ളയെ പോലും മാറ്റി നിര്‍ത്തേണ്ടതില്ല എന്നും ആവശ്യപ്പെടുന്നു. എന്നാല്‍, കാര്യമായ അഴിച്ചുപണി അനുവദിക്കാതെ സമ്മര്‍ദ്ദ ഭിത്തി ഉയര്‍ത്തിയാല്‍ യച്ചൂരി ജനറല്‍ സെക്രട്ടറിസ്ഥാനത്തു തുടരാന്‍ താല്‍പര്യപ്പെടില്ലെന്നാണ് കാരാട്ട്പക്ഷം വിലയിരുത്തിയത്.

പക്ഷേ, വിട്ടുകൊടുക്കാന്‍ യച്ചൂരി തയാറല്ലെന്നാണു വ്യക്തമായ സൂചന. കാരണം, തനിക്കു ന്യായമായും രണ്ടു തവണകൂടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുതുടരാം, താന്‍ മുന്നോട്ടുവച്ച നിലപാടു പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുമുണ്ട്. അപ്പോള്‍, എന്തിനു മറുപക്ഷത്തിന്റെ തന്ത്രങ്ങള്‍ക്കു കീഴ്‌പ്പെടണമെന്നതാണു യച്ചൂരിയുടെ ചോദ്യം.

തിരഞ്ഞെടുപ്പുണ്ടായാല്‍ അതു രഹസ്യ വോട്ടെടുപ്പായിരിക്കും.അതു തനിക്ക് അനുകൂലമാകുമെന്നുമുറപ്പിച്ചാണു യച്ചൂരിയുടെ നീക്കങ്ങള്‍. എന്നാല്‍ നിലവിലെ കേന്ദ്രകമ്മറ്റി ഉടച്ചു വാര്‍ത്ത് എല്ലാ സംസ്ഥാനസെക്രട്ടറിമാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും, അല്ലെങ്കില്‍ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് എന്ന നിലപാടാണ് ബംഗാള്‍ ഘടകം സ്വീകരിച്ചിട്ടുള്ളത്. അതേസമയം എസ് രാമചന്ദ്രന്‍ പിള്ളയും എ കെ പത്മനാഭനും പി ബി യില്‍ നിന്ന് ഒഴിഞ്ഞേക്കും. എ കെ ബാലനോ, എ വിജയരാഘവനോ, പി കരുണാകരനോ പിബിയിലെത്തിയേക്കാം.