ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ സ്ഥലം മാറ്റി

single-img
21 April 2018


കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയത്. രാഹുല്‍ ആര്‍.നായര്‍ക്കാണ് പകരം ചുമതല. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍! ആരോപണവിധേയനായതിനെ തുടര്‍ന്നാണ് എ.വി.ജോര്‍ജിന്റെ സ്ഥലംമാറ്റം.അറസ്റ്റിലായ ആര്‍ടിഎഫുകാരുടെ ചുമതല എ.വി.ജോര്‍ജിനായിരുന്നു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എസ്‌ഐ ജി.എസ്.ദീപക്കിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി എട്ടുമണിക്കൂര്‍ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റു ചെയ്തത്. ശ്രീജിത്തിനെ പിടികൂടിയ അന്നു രാത്രി ഒന്നരയ്ക്ക്, അവധിയിലുണ്ടായിരുന്ന എസ്‌ഐ ദീപക് സ്റ്റേഷനിലെത്തിയിരുന്നെന്ന് ഐജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രാവിലെ ഏഴിനു മാത്രമാണ് ഡ്യൂട്ടിയിലെത്തിയതെന്ന എസ്‌ഐയുടെ വാദത്തെ തള്ളുന്നതായിരുന്നു റിപ്പോര്‍ട്ട്.

അവധിയിലായിരുന്നിട്ടും എന്തിനാണ് തിടുക്കപ്പെട്ട് തിരുവനന്തപുരത്തെ ഭാര്യ വീട്ടില്‍നിന്ന് ആറുമണിക്കൂര്‍ സഞ്ചരിച്ച് സ്റ്റേഷനിലെത്തിയതെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ എസ്‌ഐയ്ക്ക് കഴിഞ്ഞില്ല. സ്റ്റേഷനില്‍ വച്ച് ശ്രീജിത്തിനെ എസ്‌ഐ മര്‍ദിച്ചതായി തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശ്രീജിത്തിനെ വീട്ടിലെത്തി പിടികൂടിയ മൂന്നു പൊലീസുകാരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. റൂറല്‍ എസ്പിയുടെ റൂറല്‍ ടെഗര്‍ ഫോഴ്‌സ്( ആര്‍ടിഎഫ്) അംഗങ്ങളായിരുന്ന സന്തോഷ് കുമാര്‍, സുമേഷ്, ജിതിന്‍ രാജ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

ഈമാസം ഒന്‍പതാം തീയതിയാണ് വരാപ്പുഴ ദേവസ്വംപാടം ഷേണോയിപറമ്പില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. കസ്റ്റഡിയില്‍ വച്ച് മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു മരണം. വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‍ (55) മരിച്ചതുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തുള്‍പ്പെടെ പത്തുപേരെ പൊലീസ് അറസ്റ്റുചെയ്തത്.