ഇന്ത്യയിലെ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നരേന്ദ്ര മോദി കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ഐഎംഎഫ് മേധാവി

single-img
20 April 2018

ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള പീഡന സംഭവങ്ങളില്‍ നടുക്കം രേഖപ്പെടുത്തി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്(ഐഎംഎഫ്) മേധാവി ക്രിസ്റ്റിന്‍ ലാഗാര്‍ഡ്. ഇന്ത്യന്‍ നേതാക്കള്‍ സ്ത്രീകളുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് ക്രിസ്റ്റിന്‍ പറഞ്ഞു. കത്വ സംഭവത്തിലായിരുന്നു ക്രിസ്റ്റിന്റെ പ്രതികരണം.

രാജ്യത്തിന്റെ സാമ്പത്തിക പ്രകടനത്തെ പ്രശംസിച്ച ക്രിസ്റ്റിന്‍ ഇന്ത്യയില്‍ സംഭവിച്ച കാര്യങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ഇന്ത്യയിലെ എല്ലാ നേതാക്കളും കൂടുതല്‍ ശ്രദ്ധാലുക്കളാകണം, കാരണം അത് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ്.

സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടിയിരുന്ന ക്രിസ്റ്റിന്‍ തന്റെ വ്യക്തിപരമായ നിലപാടാണ് ഇന്ത്യയുടെ കാര്യത്തില്‍ അറിയിച്ചത്.

രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഇന്ത്യയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

2014ലെ യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പീഡനത്തിനിരയാകുന്ന മൂന്നില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ആണ്. 2015ല്‍ ഏതാണ്ട് 11,000 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് പീഡനത്തിന് ഇരയായതെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളില്‍ പറയുന്നത്.