കോണ്‍ഗ്രസ്സ് സഹകരണം:സിപിഎം രാഷ്ട്രീയപ്രമേയത്തില്‍ നിര്‍ണായക തീരുമാനം ഇന്ന്

single-img
20 April 2018


സിപിഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം ഇന്ന്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അവതരിപ്പിച്ച രണ്ട് അടവുനയങ്ങളില്‍ ഏതു വേണമെന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും.

കോണ്‍ഗ്രസ്സിനോടുള്ള നിലപാട് എന്തായിരിക്കണം എന്ന കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വോട്ടെടുപ്പ് നടക്കുമോയെന്ന് ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷമറിയാം. രാഷ്ട്രീയ പ്രമേയത്തിന് മേല്‍ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് വേണം എന്ന് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ യെച്ചൂരിയെ പിന്തുണച്ചെങ്കിലും പ്രതിനിധികള്‍ക്കിടയിലെ മേല്‍ക്കൈ പ്രകാശ് കാരാട്ടിന് തന്നെയാണ്.

കരടു രാഷ്ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ഉച്ചയോടെ പുര്‍ത്തിയാവും. പിന്നീട് മറുപടി തയ്യാറാക്കാന്‍ സ്റ്റിയറിംഗ് കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്ന പോളിറ്റ് ബ്യൂറോ ചേരും. പ്രകാശ് കാരാട്ടിന്‍റെ മറുപടിക്കു ശേഷം സീതാറാം യെച്ചൂരിയും മറുപടി പറയാനുള്ള അവസരം വേണമെന്ന് സ്ററിയറിംഗ് കമ്മിറ്റിയില്‍ ആവശ്യപ്പെടും. കരടില്‍ ഒരു മാറ്റവുമില്ല എന്നതാണ് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനമെങ്കില്‍ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങും.

പൊതുചര്‍ച്ചയില്‍ സംസാരിച്ച കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്നു.