വാട്ട്‌സ്ആപ്പ് ഹര്‍ത്താലിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇടപെടല്‍ ഉണ്ടായതായി കണ്ടെത്തല്‍

single-img
20 April 2018

കൊച്ചി: അപ്രഖ്യാപിത ഹര്‍ത്താലിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇടപെടല്‍ ഉണ്ടായതായി കണ്ടെത്തല്‍. സന്ദേശം പ്രചരിപ്പിക്കുന്നതതിന് തുടക്കമിട്ട ഇതര സംസ്ഥാനക്കാരും നിരീക്ഷണത്തിലാണ്. ഹര്‍ത്താലിന് ശേഷവും ഇവര്‍ വര്‍ഗീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇതിനായി പ്രത്യേക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും ഉണ്ടെന്നാണ് കണ്ടെത്തല്‍. അക്രമങ്ങളുടെ പേരില്‍ അറസ്റ്റിലായ അഞ്ച് പേര്‍ സൂത്രധാരന്മാരെന്നും സംശയമുണ്ട്.

ഇതിനിടെ സമൂഹമാധ്യമങ്ങള്‍ വഴി ആഹ്വാനം നല്‍കിയ ഹര്‍ത്താലിന്റെ മറവില്‍ അഴിഞ്ഞാടിയവര്‍ക്ക് എതിരെ പോക്‌സോ നിയമപ്രകാരവും കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കിയതിനാണ് പ്രതികള്‍ക്കെതിരെ പോക്‌സോ നിയമം കൂടി ചുമത്താന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയത്.

ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരുമുളള പ്ലക്കാര്‍ഡുകളേന്തിയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്. വാഹനങ്ങളേയും വഴിയാത്രക്കാരേയും ആക്രമിച്ച സംഭവത്തിലും സ്ഥാപനങ്ങള്‍ കൊളളയടിച്ച കേസിലുമായി അറസ്റ്റിലാവുന്ന പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രതികള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.