അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ത്രിപുരയില്‍ അറസ്റ്റില്‍

single-img
20 April 2018


അഗര്‍ത്തല: ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 18 റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ത്രിപുരയില്‍ അറസ്റ്റില്‍. ത്രിപുരയിലെ കോവൈ ജില്ലയില്‍ വെച്ച് നാല് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്ന സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.

മ്യാന്‍മാറില്‍ നിന്നുള്ള റോഹിങ്ക്യകള്‍ ബംഗ്ലാദേശ് വഴിയാണ് ത്രിപുരയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. തെലിയാമുറ എന്ന പ്രദേശത്ത് വെച്ചായിരുന്നു അറസ്റ്റ്.

ഗുവാഹത്തിയിലേക്ക് ഒരു ബസ് വഴി കടക്കാനായിരുന്നു റോഹിങ്ക്യകളുടെ ശ്രമമെന്ന് ത്രിപുര എസ്‌ഐ രഞ്ജിത്ത് ദേബ്‌നാഥ് പറഞ്ഞു. ബസ് തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. 11 പുരുഷന്‍മാരും മൂന്ന് സ്ത്രീകളും നാല് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ആറ് പേര്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കി. ഇതില്‍ നിന്നാണ് ഇവര്‍ മ്യാന്‍മാറില്‍ നിന്നുള്ളവരാണെന്ന് ഉറപ്പുവരുത്തിയത്. ഇന്ത്യയിലേക്ക് കടക്കാനുള്ള ഇവരുടെ ശ്രമത്തില്‍ സംശയം തോന്നിയതിനാലാണ് ഇവരെ ചോദ്യം ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.

”എന്റെ സഹോദരിക്കൊപ്പം ആറ് മാസം മുമ്പ് ഞാന്‍ ഇന്ത്യയില്‍ വന്നിരുന്നു. അന്ന് ഡല്‍ഹിയിലായിരുന്നു താമസം. ഞങ്ങള്‍ യഥാര്‍ഥത്തില്‍ മ്യാന്‍മാര്‍കാരാണ്. ഒരു ജോലി അന്വേഷിച്ചാണ് ഇന്ത്യയിലെത്തിയത്. 10 ദിവസം മുമ്പ് അഗര്‍ത്തലയിലേക്ക് കടന്ന ഞങ്ങള്‍ക്ക് അതിര്‍ത്തിയേതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല”, റോഹിങ്ക്യന്‍ അഭയാര്‍ഥിയായ സൈഫുള്ള പറഞ്ഞു.

ജനുവരി 14ന് വടക്കന്‍ ത്രിപുരയിലെ ധര്‍മ്മനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 6 റോഹിങ്ക്യന്‍ അഭയാര്‍ഥികളെ പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 29ന് അഗര്‍ത്തലയില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരെയുള്ള ഖായേര്‍പൂര്‍ മാര്‍ക്കറ്റില്‍ നിന്ന് 8 പേരെയും റോഹിങ്ക്യകളെയും അറസ്റ്റ് ചെയ്തിരുന്നു.