അപരിചിതനൊപ്പം ഡേറ്റിംഗ്; പുതിയ റിയാലിറ്റി ഷോയില്‍ ശില്‍പ ഷെട്ടി അവതാരക

single-img
19 April 2018

റേറ്റിങ് കൂട്ടാനായി വ്യത്യസ്ത പരിപാടികള്‍ സംപ്രേഷണം ചെയ്ത് മത്സരിക്കുകയാണ് ചാനലുകള്‍. എന്തെല്ലാം അടവുകള്‍ പയറ്റിയാലാണ് മറ്റ് ചാനലുകളുടെ മുന്നിലെത്താന്‍ സാധിക്കുക എന്നാണ് ഓരോ ചാനലുകളും ആലോചിക്കുന്നത്. അതിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ ചില ചാനലുകള്‍ തയ്യാറാണ്.

റിയാലിറ്റി ഷോകളെ കൂട്ടുപിടിച്ചാണ് ചാനലുകള്‍ മുന്നോട്ട് പോകുന്നത്. ചാനലുകള്‍ക്ക് പുറമെ ആമസോണ്‍ പ്രൈം വീഡിയോ, യൂ ട്യൂബ് പോലുള്ള ഡിജിറ്റല്‍ മേഖലയിലും ഇത്തരം ഷോകള്‍ നടക്കുന്നുണ്ട്. പുതിയൊരു പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ.

അപരിചിതനൊപ്പം ഡേറ്റ് ചെയ്യുക എന്ന ആശയത്തില്‍ ഒരുക്കുന്ന പരിപാടിക്ക് ഹിയര്‍ മി, ലവ് മി എന്നാണ് പേരിട്ടിരിക്കുന്നത്. ഷോയുടെ അവതാരകയായി എത്തുന്നതാകട്ടെ നടി ശില്‍പ ഷെട്ടിയും. ഇതൊരു സാധാരണ റിയാലിറ്റി ഷോ അല്ലെന്നും ഡേറ്റിങ്ങിലൂടെ ആ ബന്ധത്തിന്റെ മൂല്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നും ശില്‍പ ഷെട്ടി പറയുന്നു.

ഫ്രെമന്റ്‌ലി മീഡിയയാണ് ഈ പ്രോഗ്രാം നിര്‍മ്മിക്കുന്നത്. പ്രണയം, റൊമാന്‍സ്, ഡേറ്റിങ് എന്നിവയെക്കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഈ ഷോയിലൂടെ കഴിയുമെന്നാണ് ഷോയുടെ സംവിധായകന്‍ വിജയ് സുബ്രമണ്യം പറയുന്നത്.