ക്യൂബയില്‍ കാസ്‌ട്രോ യുഗം അവസാനിച്ചു; ക്യൂബയെ ഇനി നയിക്കുക കാസ്‌ട്രോ കുടുംബത്തിനു പുറത്തുള്ള നേതാവ്

single-img
19 April 2018

ക്യൂബയില്‍ കാസ്‌ട്രോ യുഗത്തിന് ഔപചാരിക പരിസമാപ്തി. പ്രസിഡന്റ് പദവിയില്‍ റൗള്‍ കാസ്‌ട്രോയുടെ പിന്‍ഗാമിയായി വൈസ് പ്രസിഡന്റ് മിഗ്വേല്‍ ഡയസ്–കനാലിനെ പാര്‍ലമെന്റ് നാമനിര്‍ദേശം ചെയ്തു. വിപ്ലവത്തിനുശേഷം ആദ്യമായാണ് കാസ്‌ട്രോ കുടുംബത്തിന് പുറത്തുനിന്നൊരാള്‍ ക്യൂബയെ നയിക്കാനെത്തുന്നത്.

വൈസ് പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനലിന് (57) വഴി മാറിക്കൊടുത്താണ് റൗള്‍ കാസ്‌ട്രോ (86) അധികാരമൊഴിയുന്നത്. വ്യാഴാഴ്ച തുടങ്ങുന്ന ക്യൂബന്‍ ദേശീയ അസംബ്ലിയില്‍ കാനലിനെ പ്രസിഡന്റായി പ്രഖ്യാപിക്കും. പ്രസിഡന്റ് പദം ഒഴിയുന്നുണ്ടെങ്കിലും 2021 വരെ റൗളിന് പോളിറ്റ് ബ്യൂറോയുടെ തലപ്പത്തിരിക്കാം.

ഭരണം നിയന്ത്രിക്കാനും അധികാരമുണ്ടാകും. പതിറ്റാണ്ടുകളായി ശാസ്ത്ര സാങ്കേതിക രംഗം മാറ്റത്തിന്റെ പാതയില്‍ മുന്നോട്ടോടുമ്പോള്‍ ക്യൂബയില്‍ ഒന്നിനുമാത്രം സ്ഥിരതയുണ്ടായിരുന്നു; കാസ്‌ട്രോ ഭരണം. ആ ആധികാരത്തുടര്‍ച്ചക്ക് അടിത്തറയിട്ട ഫിദല്‍ കാസ്‌ട്രോ മരിച്ചിട്ട് രണ്ടുവര്‍ഷം തികയുന്നതിനിടെയാണ് സഹോദരന്‍ റൗള്‍ കാസ്‌ട്രോ ഭരണമൊഴിയുന്നത്.

2008ലാണ് ഫിദലില്‍നിന്ന് റൗള്‍ ഭരണം പൂര്‍ണമായി ഏറ്റെടുത്തത്. ഏകാധിപതി ഫുള്‍ജെന്‍ഷ്യോ ബാറ്റിസ്റ്റയെ പുറത്താക്കിയശേഷം കാസ്‌ട്രോ കുടുംബത്തില്‍പെടാത്ത രണ്ടുപേര്‍ ക്യൂബ ഭരിച്ചിട്ടുണ്ട്. വിപ്ലവകാലത്ത് ആറുമാസം പ്രസിഡന്റായിരുന്ന മാനുവല്‍ യുറുറ്റിയ, ഫിദല്‍ കാസ്‌ട്രോ പ്രധാനമന്ത്രിയായിരുന്ന 1976 വരെ 17 വര്‍ഷം പ്രസിഡന്റായിരുന്ന ഓസ്‌വാള്‍ഡോ ഡോര്‍ട്ടിക്കോസ് എന്നിവരാണത്.

2008ല്‍ ക്യൂബയില്‍ വളരെ കുറച്ചുപേര്‍ക്കേ സെല്‍ഫോണുകളും കമ്പ്യൂട്ടറുകളുമുണ്ടായിരുന്നുള്ളൂ. കൂടുതല്‍ പേരും സ്വകാര്യ ചെറുകിട ബിസിനസുകള്‍ നടത്തിയാണ് ജീവിതം പുലര്‍ത്തിയത്. റൗള്‍ ഈ സമ്പദായം ഉടച്ചുവാര്‍ത്തു. ഇന്ന് ക്യൂബയില്‍ ആറുലക്ഷത്തോളം സ്വകാര്യ സംരംഭകരുണ്ട്.

50 ലക്ഷത്തിലേറെ പേര്‍ക്ക് മൊബൈല്‍ ഫോണുകളുണ്ട്. രാജ്യത്ത് വലിയ വിമാനത്താവളമുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ അതികായന്‍മാരുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗവും വ്യാപകമായി. വൈഫൈ ഹോട്‌സ്‌പോട്ടുകളും യാഥാര്‍ഥ്യമായി. ഈ വര്‍ഷം ക്യൂബയിലെ ആയിരക്കണക്കിന് വീടുകളില്‍ ഇന്റര്‍നെറ്റ് സംവിധാനം എത്തി. വിദേശകടങ്ങള്‍ വീട്ടിത്തുടങ്ങി.

2015ല്‍ ക്യൂബയും യു.എസും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതോടെ രാജ്യത്തെ വിനോദസഞ്ചാര മേഖലയില്‍നിന്നുള്ള വരുമാനവും വര്‍ധിച്ചു. എന്നാല്‍, ഇപ്പോഴും സാമ്പത്തികനില സുസ്ഥിരമല്ല. വെനിസ്വേല സാമ്പത്തികമാന്ദ്യത്തിലായതോടെ സഹായം നിലച്ചു. റഷ്യയും ചൈനയും ഒപ്പമുള്ളതാണ് ആകെയുള്ള ആശ്വാസം.

ഒബാമയുടെ ഭരണകാലത്ത് യു.എസുമായുള്ള ബന്ധം മെച്ചപ്പൈട്ടങ്കിലും ഇപ്പോഴത്തെ യു.എസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് ഭീഷണിയുയര്‍ത്തുകയാണ്. ട്രംപിനെ മെരുക്കാന്‍ മിഗ്വേലിന് ആവുമോയെന്നാണ് ക്യൂബ ഉറ്റുനോക്കുന്നത്. 2015ലെ ക്യൂബയു.എസ് കരാറിനെ വിമര്‍ശിച്ചയാളാണ് ഇദ്ദേഹെമന്നതും ഓര്‍ക്കണം.