രാഹുല്‍ദ്രാവിഡിനെയും അനില്‍ കുംബ്ലെയെയും പാര്‍ട്ടിയിലെത്തിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു

single-img
19 April 2018

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചൂട് അരികിലെത്തിനില്‍ക്കെ, മുന്‍ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡിനെയും അനില്‍ കുംബ്ലെയെയും പാര്‍ട്ടിയിലെത്തിക്കാനുള്ള ബിജെപി ശ്രമം തുടക്കത്തിലേ പൊളിഞ്ഞു. ബിജെപിയില്‍ ചേരാന്‍ താല്‍പര്യമില്ലെന്ന് കര്‍ണാടക സ്വദേശികളായ ഇരുവരും അറിയിച്ചു.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണത്തിനെതിരെ രംഗത്തിറങ്ങാനാണ് ബിജെപി ഇവരെ സമീപിച്ചത്. യുവവോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു ഇത്. ഇരുവരും ബിജെപിയുടെ വിളി തള്ളിയിട്ടുണ്ടെങ്കിലും അങ്ങിനെയൊന്നും വിടാന്‍ ബിജെപിയ്ക്ക് പദ്ധതിയില്ല.

ചര്‍ച്ച തുടരുകയാണെന്നും അവരില്‍ ഒരാള്‍ പാര്‍ട്ടിയുടെ ലോക്‌സഭാ, രാജ്യസഭാ സ്ഥാനാര്‍ഥി ആകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ബിജെപി നേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മെയ് 12നാണ് കര്‍ണാടകാ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 15 ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. മെയ് 28 നാണ് 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുക. ഏപ്രില്‍ 24 മുതല്‍ 27 വരെയാണ് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള സമയം.

27 ന് മുമ്പായി നോമിനേഷന്‍ പിന്‍വലിക്കാം. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. അധികാരത്തില്‍ തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കുമ്പോള്‍ സിദ്ധരാമയ്യയില്‍ നിന്നും കളം പിടിക്കാനാണ് ബിജെപിയുടെ ശ്രമം.