കസ്റ്റഡി മരണക്കേസിലെ പ്രതികള്‍ രക്ഷപ്പെടില്ലെന്ന് ഡിജിപി: കൊമ്പുള്ള പൊലീസുകാരുടെ കൊമ്പ് ഒടിക്കണമെന്ന് സുരേഷ് ഗോപി

single-img
19 April 2018

കൊച്ചി: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അറസ്റ്റിലായ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലടങ്ങിയ വീഡിയോ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

പോലീസ് ഉന്നതതല യോഗത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ ഞാന്‍ കണ്ടിട്ടില്ല. അത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും. ജനങ്ങളുമായുള്ള പോലീസിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ടാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്യുകയെന്നും ബെഹ്‌റ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യപിത ഹര്‍ത്താല്‍ നിര്‍ഭാഗ്യകരമാണെന്നും ഹര്‍ത്താലിന്റെ മറവില്‍ ചിലര്‍ മനപ്പൂര്‍വ്വം വര്‍ഗീയ വികാരം ഉണര്‍ത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചവര്‍ ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തും.

ഏതെങ്കിലും ഒരു പ്രത്യേക സ്ഥലം കേന്ദ്രീകരിച്ചായിരിക്കില്ല, സംസ്ഥാനം മൊത്തം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ഒരു നേതൃത്വമില്ലാത്ത അവസ്ഥയില്‍ കേരളത്തില്‍ ഇങ്ങനെയൊരു ഹര്‍ത്താല്‍ ആദ്യമായിട്ടാണെന്നും ബെഹ്‌റ പറഞ്ഞു.

അതേസമയം പൊലീസില്‍ കൊമ്പുള്ളവരുണ്ടെങ്കില്‍ അത്തരക്കാരുടെ കൊമ്പ് ഒടിക്കണമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാം പൊലീസ് അതിക്രമ കേസുകളും യഥാവിധം അന്വേഷിക്കണം. കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞു. വീട്ടിലെത്തിയ സുരേഷ് ഗോപി ശ്രീജിത്തിന്റെ അമ്മ ശ്യാമളയുമായും ഭാര്യ അഖിലയുമായും സംസാരിച്ചു. എല്ലാവിധ സഹായവും ഉണ്ടാവുമെന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് കര്‍ശന ശിക്ഷ വാങ്ങി നല്‍കുമെന്നും സുരേഷ് ഗോപി കുടുംബത്തിന് ഉറപ്പ് നല്‍കി.