കത്വ സംഭവം രാജ്യത്തിന് നാണക്കേട്; അപലപിച്ച് രാഷ്ട്രപതി

single-img
18 April 2018

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കല്ലിനിടിച്ചു കൊലപ്പെടുത്തിയ സംഭവം രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ജമ്മു കാശ്മീരിലെ കത്രായിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുതരം സമൂഹത്തെയാണ് നമ്മള്‍ രൂപപ്പെടുത്തുന്നതെന്ന് നമ്മള്‍ ഈ അവസരത്തില്‍ ചിന്തിക്കണമെന്നും, സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരം സംഭവങ്ങളുണ്ടാകുന്നത് രാജ്യത്തിന് അപമാനകരമാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

കത്വ സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് രാഷ്ട്രപതിയില്‍ നിന്ന് ഇതുസംബന്ധിച്ച പ്രതികരണം ഉണ്ടാവുന്നത്. കത്വവയില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം മാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് സജീവ ചര്‍ച്ചയാവുകയും അത് വന്‍ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തതോടെയാണ് സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയത്.