വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി; തമിഴ്‌നാട് ഗവര്‍ണര്‍ വിവാദത്തില്‍

single-img
18 April 2018

വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ നടപടി വിവാദത്തില്‍. പരീക്ഷ വിജയത്തിനും പണത്തിനും വേണ്ടി സര്‍വകലാശാലയിലെ ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ കോളേജ് വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച വനിത പ്രഫസര്‍ക്ക് ഗവര്‍ണറുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നിഷേധിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഗവര്‍ണറുടെ വിവാദമായ പെരുമാറ്റം.

78കാരനായ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് എഴുന്നേല്‍ക്കുമ്പോഴായിരുന്നു ദ വീക്കിലെ ലക്ഷ്മി സുബ്രഹ്മണ്യം ചോദ്യം ഉന്നയിച്ചത്. ചോദ്യത്തിന് ഉത്തരം പറയാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തട്ടി സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു ഗവര്‍ണര്‍.

തുടര്‍ന്ന് ബന്‍വാരിലാലിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ലക്ഷ്മി സുബ്രഹ്മണ്യന്‍ ട്വീറ്റ് ചെയ്തു. ‘പലവട്ടം ഞാന്‍ മുഖം കഴുകി. ഇപ്പോഴും അതില്‍നിന്ന് മോചിതയാകാന്‍ സാധിക്കുന്നില്ല. ഒരുപാട് മനോവിഷമവും ദേഷ്യവും തോന്നുന്നുണ്ട് മിസ്റ്റര്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. നിങ്ങള്‍ക്ക് ഒരു പക്ഷെ ഇത് അഭിനന്ദനം സൂചിപ്പിക്കുന്ന പ്രവൃത്തിയോ മുത്തശ്ശന്റെ പെരുമാറ്റമോ ആയിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ചെയ്തത് തെറ്റാണ്’ ലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റ് പുറത്തെത്തിയതോടെ മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം നിര്‍ഭാഗ്യകരമാണെന്നായിരുന്നു ഡി എം കെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്റെ പ്രതികരണം. ഡി എം കെയുടെ രാജ്യസഭാ എം പി കനിമൊഴിയും മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ച് രംഗത്തെത്തി.