ദിവ്യ എസ്. അയ്യര്‍ക്ക് കുരുക്ക് മുറുകുന്നു; പതിച്ചു കൊടുത്തത് സര്‍ക്കാര്‍ ഭൂമി തന്നെ

single-img
18 April 2018

തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ എസ്.അയ്യര്‍ വര്‍ക്കലയില്‍ സ്വകാര്യവ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍. ഭൂമി പുറമ്പോക്കെന്ന് ജില്ലാ സര്‍വേ സുപ്രണ്ട് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കലക്ടര്‍ ഡോ. വാസുകിക്ക് ഉടന്‍തന്നെ കൈമാറും.

നേരെത്ത ദിവ്യ സര്‍ക്കാര്‍ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്തതായി വി.ജോയ് എംഎല്‍എ പരാതി നല്‍കിയിരുന്നു. ഭൂമി നല്‍കിയത് ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്നായിരുന്നു ദിവ്യയുടെ വിശദീകരണം. സംഭവം വിവാദമായതോടെ ദിവ്യ എസ് അയ്യരെ സബ് കലക്ടര്‍ സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തിരുന്നു.

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല പാരിപ്പള്ളി സംസ്ഥാനപാതയോരത്തെ സ്ഥലമാണു സ്വകാര്യവ്യക്തി പതിച്ചു നല്‍കിയത്. 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തിരുന്നു.

ഇവിടെ അയിരൂര്‍ പൊലീസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കണമെന്നു തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യുവകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു.

ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്ന് സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടതിനുശേഷം തഹസില്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു.