തിങ്കളാഴ്ച ഹര്‍ത്താലാണെന്ന വാട്‌സാപ് മെസേജ് ഫോര്‍വേഡ് ചെയ്തവരും കുടുങ്ങും: വാട്‌സാപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ സൈബര്‍സെല്‍ ശേഖരിക്കുന്നു

single-img
17 April 2018

തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താലിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തും. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് തീരുമാനം.

ഇതിനായി ഡിജിപി അന്വേഷണ സംഘം രൂപീകരിച്ചു. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. മാധ്യമങ്ങളെ ഇതിനായി ദുരുപയോഗം ചെയ്‌തോയെന്ന കാര്യവും അന്വേഷിക്കും. അതിനിടെ തിങ്കളാഴ്ച നടത്തിയ ഹര്‍ത്താലിന് വാട്‌സാപ് വഴി പ്രചാരണം നടത്തിയവരും കുടുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സാപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ വിവരങ്ങളും സെബര്‍സെല്‍ ശേഖരിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരേ ഐടി ആക്ട് പ്രകാരം കേസെടുക്കുമെന്നും ഫോണ്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും വയനാട് പൊലീസ് അറിയിച്ചു.

പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ ഇലക്ട്രോണിക്‌സ് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഹര്‍ത്താല്‍ അരങ്ങേറിയത്.

ഹര്‍ത്താലിന്റെ മറവില്‍ മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ നടന്നു. മലപ്പുറത്ത് മാത്രം 130 പേരെയാണ് അക്രമസംഭവങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്തത്. 60ല്‍ അധികം കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതുകൂടാതെ കാസര്‍കോട്, കോഴിക്കോട് മേഖലകളിലും തിരുവനന്തപുരത്തും ഇതേപോലെയുള്ള സംഭവങ്ങള്‍ ഉണ്ടായി. ഇതേതുടര്‍ന്നാണ് തീവ്രസ്വഭാവമുള്ള സംഘടനയുടെ സാന്നിധ്യം പോലീസ് അന്വേഷിക്കുന്നത്.

എസ്ഡിപിഐക്ക് പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ത്താലിന് ആഹ്വാനം പ്രചരിപ്പിച്ചതും ഇവരാണെന്നാണ് കണ്ടെത്തല്‍. കസ്റ്റഡിയിലായവരില്‍ ഭൂരിഭാഗവും എസ്.ഡി.പി.ഐ. അനുകൂലികളാണ്. കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. ഹര്‍ത്താലിനിടെ വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.