ചെങ്ങന്നൂരില്‍ മൂന്നുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്ത്

single-img
17 April 2018

ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രവചനങ്ങള്‍ അസാധ്യമായിരിക്കുകയാണ്. തീയതി നീളുന്നത് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആവേശത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതെന്നാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആരോപണം.

എന്നാല്‍ ഇവരുടെ ആരോപണ പ്രത്യാരോപണങ്ങള്‍ നേട്ടമാകുന്നത് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിനാണ്. മൂന്ന് മുന്നണികളുടെയും പ്രചരണ ആവേശം കുറഞ്ഞതോടെ ആ ഗ്യാപ്പില്‍ ആം ആദ്മി പാര്‍ട്ടി കളം കയ്യടക്കിയിരിക്കുകയാണ്. വളരെ ശക്തമായ പ്രചരണമാണ് ആം ആദ്മി പാര്‍ട്ടി ഇവിടെ നടത്തുന്നത്.

ഡല്‍ഹിയില്‍ പാര്‍ട്ടി നേടിയ ചരിത്ര വിജയം ചെങ്ങന്നൂരിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. മുന്നണികള്‍ക്കുള്ള ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ചെങ്ങന്നൂരില്‍ നല്‍കണമെന്നതാണ് ആം ആദ്മി പാര്‍ട്ടി ജനങ്ങളോട് ആവശ്യപ്പെടുന്നത്.

അതിനുള്ള സുവര്‍ണ്ണാവസരമാണ് ഉപതിരഞ്ഞെടുപ്പെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. അഴിമതി, കെടുകാര്യസ്ഥത, കൊലപാതകം, വിലക്കയറ്റം, ദളിത് പീഡനം, പരിസ്ഥിതി നശീകരണം തുടങ്ങിയവ ഉയര്‍ത്തി ഭരണപ്രതിപക്ഷ പാര്‍ട്ടികളെ പ്രതിരോധത്തിലാക്കുന്ന പ്രചരണമാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നത്.

പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്ത് വിജയിച്ചില്ലെങ്കിലും മൂന്നുമുന്നണി സ്ഥാനാര്‍ത്ഥികളുടെയും വിജയത്തെ സ്വാധീനിക്കാന്‍ കഴിയുന്നതാവും തങ്ങളുടെ പോരാട്ടമെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. സിപിഎമ്മിലെ കെ.കെ.രാമചന്ദ്രന്‍നായര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുളള മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് കേരളം വേദിയാകുന്നത്. മലപ്പുറവും വേങ്ങരയും ലീഗ് കോട്ടകളായിരുന്നു. അതുകൊണ്ടുതന്നെ ഫലമെന്താകുമെന്ന് വോട്ടെടുപ്പിന് മുന്നേ തന്നെ കക്ഷികള്‍ക്ക് അറിയാമായിരുന്നു.

എന്നാല്‍, ചെങ്ങന്നൂരിലെ സ്ഥിതി അതല്ല. കോണ്‍ഗ്രസിന്റെ പരമ്പരാഗതമണ്ഡലമായ ചെങ്ങന്നൂരില്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന പി.സി.വിഷ്ണുനാഥിനെ പരാജയപ്പടുത്തിയാണ് 2016~ല്‍ സിപിഎമ്മിന്റെ അഡ്വ.കെ.കെ.രാമചന്ദ്രന്‍നായര്‍ നിയമസഭയിലെത്തിയത്. അതുകൊണ്ടുതന്നെ മണ്ഡലത്തില്‍ ഒരുമാറ്റം കൊണ്ടുവരാമെന്ന വിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി.

ആലപ്പുഴ ജില്ലാ സെക്രട്ടറിയും മുന്‍ ചെങ്ങന്നൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സജി ചെറിയാനാണ് സിപിഎമ്മിന്റെ സാരഥി. അഡ്വ.ഡി.വിജയകുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പി.എസ്.ശ്രീധരന്‍ പിളളയാണ് ഇവിടെ വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥി.