രാജ്യത്ത് വീണ്ടും നോട്ട്ക്ഷാമം: പല സംസ്ഥാനങ്ങളിലും എടിഎമ്മുകള്‍ കാലി

single-img
17 April 2018

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകള്‍ കാലിയായതോടെ രാജ്യം കടുത്ത കറന്‍സി ക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതലായും കറന്‍സി ക്ഷാമം രൂക്ഷമായത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും എ.ടി.എമ്മുകള്‍ കാലിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്നലെ മുതല്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുന്നില്ലെന്ന് ആളുകള്‍ പറയുന്നു. ഉത്സവ സീസണില്‍ ജനങ്ങള്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് ഇതിന് കാരണമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.

ഇന്നലെ മുതല്‍ പലയിടത്തും പണത്തിനു വേണ്ടി ജനം എടിഎമ്മുകള്‍ തോറും കയറിയിറങ്ങുകയാണ്. നോട്ട് ക്ഷാമത്തെത്തുടര്‍ന്ന് ധനകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ ആര്‍ബിഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മൂന്ന് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നും ആര്‍ബിഐ അറിയിച്ചു.

പ്രശ്‌നത്തെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയും രൂപീകരിച്ചു. മൂന്നു പേരടങ്ങിയ സമിതിയോട് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ പണമുള്ളയിടങ്ങളില്‍ നിന്ന് ക്ഷാമമുള്ളിടത്തേക്ക് പണമെത്തിക്കുമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം, 2000 രൂപയുടെ നോട്ട് പലയിടത്തും കിട്ടാനില്ലെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. നോട്ട് നിരോധനത്തിനു മുന്‍പ് വിപണിയഗില്‍ 15,00,000 കോടി രൂപയാണ് ക്രയവിക്രയത്തിന് ഓരോ ദിവസവും ഉപയോഗിച്ചിരുന്നത്. നോട്ട് നിരോധനത്തിന് ശേഷം ഇത് 16,50,000 കോടിയായി ഉയര്‍ന്നു. എന്നാല്‍ 2000 രൂപ നോട്ട് വിപണിയില്‍ നിന്നും അപ്രത്യക്ഷമായിരിക്കുകയാണെന്നും ചൗഹാന്‍ കര്‍ഷക സമ്മേളനത്തില്‍ ആരോപിച്ചു.