ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പിനുള്ളില്‍ വച്ച്: ചിത്രം പുറത്ത്

single-img
16 April 2018

പറവൂര്‍: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പില്‍ വച്ചായിരുന്നെന്നതിന് പുതിയ തെളിവുകള്‍ പുറത്ത്. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ സ്റ്റേഷനില്‍ എത്തിച്ച ശേഷം രാത്രി എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ പുറത്ത് വന്നത്.

ഈ ഫോട്ടോയില്‍ ശ്രീജിത്തിന് മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. അതായത് കസ്റ്റഡിയിലെടുത്ത ആറാം തീയതി രാത്രി 11 മണിക്ക് ശേഷമോ, ഏഴിന് പുലര്‍ച്ചെയോ ആയിരിക്കാം ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഈ ചിത്രം കേസില്‍ നിര്‍ണായക തെളിവാകും.

ഏഴിന് പുലര്‍ച്ചെയാണ് ശ്രീജിത്തിന് വയറുവേദന അനുഭപ്പെട്ടതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ഒമ്പതിന് വൈകിട്ട് മരണം സംഭവിക്കുകയും ചെയ്തു. അതിനിടെ സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും. സിഐയും എസ്‌ഐയും അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുക്കും. കേസില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്.

ഇന്നത്തെ ചോദ്യം ചെയ്യലോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്. പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ദീപക് അടക്കമുള്ള പൊലീസുദ്യോഗസ്ഥരെ ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുക.

സസ്‌പെന്‍ഷന്‍ഷനിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത രാത്രിയിലാണ് ശ്രീജിത്തിന് ക്രൂര മര്‍ദനമേറ്റതെന്ന നിഗമനത്തിലാണ് കൊച്ചിയില്‍ ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാരും ഫോറന്‍സിക് വിദഗ്ദരും.

അതേസമയം ശ്രീജിത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായശേഷമാണു പരാതിക്കാരന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയതെന്നു വെളിപ്പെടുത്തല്‍. എട്ടാം തീയതി രാവിലെ വീട്ടിലെത്തിയാണു പൊലീസ് വീണ്ടും മൊഴിയെടുത്തതെന്നു പരാതിക്കാരന്‍ വിനീഷ് പറഞ്ഞു.

എട്ടിനു രേഖപ്പെടുത്തിയ മൊഴി പക്ഷേ പൊലീസ് രേഖകളില്‍ ഏഴാം തീയതിയായി. കേസില്‍ പൊലീസ് വ്യാജരേഖ ഉണ്ടാക്കി എന്നതിന്റെ കൂടുതല്‍ തെളിവുകളാണു പുറത്തുവരുന്നത്. കസ്റ്റഡിയില്‍ മര്‍ദനമേറ്റു ഗുരുതരാവസ്ഥയിലായ ശ്രീജിത്തിനെ പൊലീസ് ആശുപത്രിയിലാക്കിയത് എട്ടിനു പുലര്‍ച്ചെയാണ്.

അതിനുശേഷമാണ് ഉദ്യോഗസ്ഥര്‍ ഈ പരാതിക്കാരന്റെ വീട്ടില്‍ വീണ്ടും എത്തുന്നത്. അപ്പോള്‍ രേഖപ്പെടുത്തിയ മൊഴിയാണിത്. എന്നാല്‍ ഇതിലെ തീയതി ഏഴ്. അപ്പോള്‍ വ്യാജരേഖയെന്നു വ്യക്തമായി. ആളുമാറി പിടികൂടിയ ശ്രീജിത്തിനു കൊടിയല്‍പിച്ച് അപകടാവസ്ഥ മനസിലായപ്പോള്‍ ഉത്തരവാദിത്തം പരാതിക്കാരന്റെ തലയില്‍ വയ്ക്കാന്‍, ശ്രീജിത്ത് യഥാര്‍ത്ഥ പ്രതിയെന്നു സ്ഥാപിച്ചെടുക്കാന്‍ നടത്തിയ കള്ളക്കളിയാണിതെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.

എന്നാല്‍ തന്റെ വീടാക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ല എന്നുതന്നെ വിനീഷ് അപ്പോഴും മൊഴി നല്‍കി. അന്നു വൈകിട്ട് വിനീഷിനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി, ചില രേഖകളില്‍ ഒപ്പിടുവിച്ചു. എന്നിട്ടാണു സ്റ്റേഷനിലെത്തി പ്രതിയായ ശ്രീജിത്തിനെ തിരിച്ചറിഞ്ഞുെവന്നു വിനീഷിന്റെ പേരില്‍ ഈ മൊഴി ഉണ്ടാക്കിയത്.

അന്നു പുലര്‍ച്ചെ ആശൂപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീജിത്ത് അപ്പോള്‍ മരണത്തോടു മല്ലിടുകയായിരുന്നു. തന്റെ പരാതിയില്‍ ശ്രീജിത്ത് പ്രതിയല്ലെന്നും പൊലീസിന് ആളുമാറിയെന്നും പരാതിക്കാരന്‍ വിനീഷ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞതോടെ പൊലീസാണ് ഈ മൊഴി മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. തൊട്ടുപിന്നാലെ പരാതിക്കാരന്റെ യഥാര്‍ഥ മൊഴി കോടതിവഴി പുറത്തുവന്നപ്പോള്‍ അതില്‍ ശ്രീജിത്തിന്റെ പേരില്ല. ഇതോടെയാണു പൊലീസ് ഉണ്ടാക്കിയതു വ്യാജരേഖയെന്ന് ഉറപ്പായത്.