വര്‍ഗീയ ചേരിതിരിവിന് വഴിവെച്ച് കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

single-img
16 April 2018

കശ്മീര്‍ സംഭവത്തിന്റെ മറവില്‍ സിപിഎമ്മുകാരുടെ സഹായത്തോടെ മുസ്ലീം തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പലയിടത്തും വര്‍ഗ്ഗീയസംഘര്‍ഷങ്ങളുണ്ടാക്കാന്‍ നീക്കം തുടങ്ങിയെന്ന ആരോപണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താല്‍ നടക്കുകയാണ്.

വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുന്നു. പച്ചയായ ഹിന്ദുവിരുദ്ധ പ്രചാരണങ്ങളാണ് ഫ്‌ളക്‌സ് ബോര്‍ഡുകളിലും ബാനറുകളിലും പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരിടത്തും പോലീസില്ല. പിണറായി സര്‍ക്കാര്‍ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീര്‍ന്നിരിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു

അതേസമയം കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വര്‍ഗീയമായ ചേരിതിരിവിനാണ് വഴിവെച്ചിരിക്കുന്നത്. ഹിന്ദുക്കളെ അനുകൂലിച്ചും മുസ്ലീങ്ങളെ അനുകൂലിച്ചും നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നത്. രൂക്ഷമായ ഭാഷകളില്‍ അന്യമതങ്ങളെ കടന്നാക്രമിക്കുന്ന ഇവര്‍ മതേതര കേരളം ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങളെ വിസ്മരിച്ചു എന്ന തരത്തിലാണ് പൊതുസമൂഹം വിലയിരുത്തുന്നത്.

പച്ചത്തെറിവിളികളും സുരേന്ദ്രനെ ട്രോളുന്ന പ്രതികരണങ്ങളും കൂട്ടത്തിലുണ്ട്. കശ്മീര്‍ വിഷയത്തില്‍ സുരേന്ദ്രന്‍ ഇപ്പോഴെങ്കിലും പ്രതികരച്ചല്ലോ എന്ന നിലയ്ക്കാണ് ചിലരുടെ കമന്റുകള്‍.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

കാശ്മീര്‍ സംഭവത്തിന്റെ മറവില്‍ സി. പി. എമ്മുകാരുടെ സഹായത്തോടെ മുസ്ലിം തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പലയിടത്തും വര്‍ഗ്ഗീയസംഘര്‍ഷങ്ങളുണ്ടാക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഈ നീക്കം കൂടുതലും. കാസര്‍ഗോഡ് ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താല്‍ നടക്കുകയാണ്. വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുന്നു. പ്രകോപനപരമായ പ്രകടനങ്ങള്‍ ജനങ്ങളില്‍ ഭീതിയുളവാക്കുന്നു. പച്ചയായ ഹിന്ദുവിരുദ്ധ പ്രചാരണങ്ങളാണ് ഫ്‌ളക്‌സ് ബോര്‍ഡുകളിലും ബാനറുകളിലും പ്രദര്‍ശിപ്പിക്കുന്നത്.

കോഴിക്കോട്ടെ പ്രകടനത്തില്‍ പിടിച്ച ബാനറില്‍ തികഞ്ഞ അശ്ലീലപദങ്ങള്‍ വരെ ഉപയോഗിച്ചിരിക്കുന്നു. മതസ്പര്‍ദ്ദ വളര്‍ത്തുന്നതിനെതിരെ ഐ. പി. സി 153(അ)വകുപ്പനുസരിച്ച് കേസ്സെടുക്കേണ്ട സംഭവമായിട്ടും പൊലീസ് ഒരിടത്തും കേസ്സെടുക്കുന്നില്ല. പോലീസിനോട് ചോദിക്കുമ്‌ബോള്‍ മുകളില്‍നിന്ന് നിര്‍ദ്ദേശമില്ല എന്നാണ് പറയുന്നത്. രാമനാട്ടുകര മുതല്‍ മലപ്പുറം ജില്ലയിലെങ്ങും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നു. ഒരിടത്തും പോലീസില്ല. പിണറായി സര്‍ക്കാര്‍ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രിയും ഡി. ജി. പിയും അടിയന്തിരമായി ഇടപെടണം.