എച്ചില്‍ വാരാനും പാത്രങ്ങള്‍ കഴുകി വെക്കാനും ആവശ്യപ്പെടും; സെക്രട്ടേറിയറ്റില്‍ ദളിത് ജീവനക്കാരനെക്കൊണ്ട് അടിമപ്പണി ചെയ്യിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി

single-img
14 April 2018

പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹക്കെതിരെ ജീവനക്കാരന്റെ പരാതി. ദളിതനായ തന്നെ പീഡിപ്പിക്കുന്നുവെന്ന് ജീവനക്കാരനായ ദേവനാരായണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഫയല്‍ നിലത്തിട്ട് എടുപ്പിക്കുകയും എച്ചിലെടുക്കാനും പാത്രമെടുക്കാനും നിര്‍ബന്ധിപ്പിക്കുന്നുവെന്നും ജീവനക്കാരന്റെ പരാതിയില്‍ പറയുന്നു.

സെക്രട്ടേറിയേറ്റില്‍ സമീപകാലത്ത് ക്ലാസ് ഫോര്‍ ജോലി ലഭിച്ച ജീവനക്കാരനാണ് ദേവനാരായണന്‍. വിശ്വനാഥ് ഭക്ഷണം കഴിച്ച ശേഷം എച്ചില്‍ വാരാനും പാത്രങ്ങള്‍ കഴുകി വെക്കാനും ദേവനാരായണനോട് ആവശ്യപ്പെടാറുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പാത്രം കഴുകാതെ വലിയ പാത്രത്തിനകത്താക്കി ഡ്രൈവറുടെ കയ്യില്‍ കൊടുത്തുവിട്ടാല്‍ വീട്ടിലെത്തിയ ശേഷം എന്താണ് കഴുകാത്തതെന്ന് ഫോണില്‍ വിളിച്ച് ചോദിക്കും. പേപ്പറുകള്‍ കീറി ഓഫീസിലിട്ട ശേഷം തന്നോട് പെറുക്കിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും യുവാവ് പറയുന്നു.