ഹോട്ടലാണെന്ന് കരുതി അടിച്ച് പൂസായ വിനോദസഞ്ചാരി കയറിയത് കൊടുമുടിയില്‍

single-img
13 April 2018

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറി കഴിക്കാനെന്തുണ്ട് എന്ന ചോദിച്ച കഥയൊക്കെ പണ്ട്. ഇപ്പോ അതിലും വലുത് നടന്നിട്ടുണ്ട്. സംഭവം ഇവിടെങ്ങുമല്ല, അങ്ങ് ഇറ്റലിയില്‍. മദ്യപിച്ച് ലക്കുകെട്ട വിനോദസഞ്ചാരിയാണ് താമസിച്ചിരുന്ന ഹോട്ടലാണെന്ന് കരുതി ആല്‍പ്‌സ് പര്‍വ്വതത്തിന് മുകളില്‍ക്കയറിയത്.

എസ്റ്റോണിയയില്‍ നിന്നുള്ള പവല്‍ എന്ന സഞ്ചാരിയാണ് ഈ സാഹസം നടത്തിയത്. ഇറ്റലിയിലെ സെര്‍വീനിയ എന്ന റിസോര്‍ട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. സ്ഥലമൊക്കെ കണ്ട്് മദ്യവും കഴിച്ച് മടക്കയാത്രയിലായിരുന്നു കക്ഷി. ഹോട്ടലിലേക്കുള്ള മടക്കയാത്രയ്ക്കിടെ ഇദ്ദേഹത്തിന് വഴി തെറ്റി ആല്‍പ്‌സ് പര്‍വ്വത നിരയ്ക്ക് സമീപത്തുള്ള ഇഗ്ലൂ എന്ന 24,000 മീറ്റര്‍ ഉയരത്തിലുള്ള ബാര്‍ റെസ്റ്റോറന്റിലാണ് ചെന്നെത്തിയത്.

ഇറ്റാലിയന്‍ പത്രമായ ലാ സ്റ്റാമ്പയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തം മുറിയാണെന്ന് കരുതി ഇവിടെ തങ്ങിയ ഇയാളെ പിറ്റേന്ന് രാവിലെയാണ് ജീവനക്കാര്‍ കണ്ടെത്തുന്നത്. സഞ്ചാരിയെ കാണാനില്ലെന്ന വാര്‍ത്തയെ തുടര്‍ന്ന് പൊലീസുകാര്‍ അടക്കമുള്ള സംഘം തിരച്ചില്‍ നടത്തിയിരുന്നു.

കഴിഞ്ഞയാഴ്ച്ച മാത്രം മൂന്ന് സ്‌കീയര്‍മാരാണ് ആല്‍പ്‌സ് പര്‍വ്വതത്തിലെ ഹിമപാതത്തില്‍പ്പെട്ട് മരിച്ചത്. അതുകൊണ്ട് തന്നെ ഭാഗ്യം കൊണ്ടുള്ള രക്ഷപ്പെടലായിരുന്നു പവലിന്റേതെന്നാണ് അധികൃരുടെ വിശദീകരണം.