‘നിങ്ങളൊരു ഭീരുവാണ് മോദീ; കരിങ്കൊടികൊണ്ട് ഞങ്ങള്‍ നിങ്ങളെ വെടിവെക്കാന്‍ പോകുന്നുണ്ടോ: നെഹ്‌റുവെന്താ കരിങ്കൊടി കണ്ടിട്ടില്ലേ? : തമിഴ് ജനതയുടെ പ്രതിഷേധത്തില്‍ ഞെട്ടി ബിജെപി

single-img
12 April 2018

ചെന്നൈയില്‍ ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി, കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതിന്റെ പ്രതിഷേധം ഇന്നും ശരിക്കും അനുഭവിച്ചറിഞ്ഞിട്ടുണ്ടാവും. രാവിലെ 9.35ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് പതിവ് സ്വീകരണത്തിന് വിപരീതമായി ലഭിച്ചത് മോദി ഗോബാക്ക് മുദ്രാവാക്യങ്ങളാണ്.

നിരത്തുകളില്‍ കറുത്ത ബലൂണ്‍ പറത്തിയും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ച ജനങ്ങള്‍ ട്വിറ്ററില്‍ മോദിക്ക് ഗോബാക്ക് വിളിച്ചു. വഴിയില്‍ പ്രതിഷേധിച്ചവരുടെ പ്ലക്കാര്‍ഡുകളിലും എഴുതിയിരുന്നത് ഗോബാക്ക് മോദി എന്ന് തന്നെയായിരുന്നു.

പൊലീസ് ഉപരോധം മറികടന്ന് തമിഴക വാഴ്വുരുമൈ കച്ചി പ്രവര്‍ത്തകര്‍ വലിയ ഒരു പരസ്യബോര്‍ഡിന് മുകളില്‍ കയറി നിന്നാണ് കരിങ്കൊടി കാട്ടിയത്. ടി.ടി.വി ദിനകരന്‍ കറുത്ത ബലൂണുകള്‍ പറത്തിയാണ് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.

പ്രതിഷേധം പേടിച്ച് മോദി റോഡ് യാത്രകളും മുഖാമുഖവും ഒഴിവാക്കി. പകരം ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും ഓള്‍ഡ് മഹാബലിപുരം റോഡിലുള്ള ഡിഫന്‍സ് എക്‌സ്‌പോയിലേക്ക് മോദി ഹെലികോപ്റ്ററിലാണെത്തിയത്. പ്രധാനമന്ത്രിയുടെ ഈ നിലപാടിനെ ചോദ്യം ചെയ്ത് എം.ഡി.എം.കെ നേതാവ് വൈക്കോ രംഗത്തെത്തി.

‘നിങ്ങള്‍ക്കെന്താ ധൈര്യമില്ലേ മോദീ? എന്തുകൊണ്ട് റോഡിലൂടെ സഞ്ചിരിക്കുന്നില്ല? ഹെലികോപ്റ്ററില്‍ നിങ്ങള്‍ നേരിട്ട് ഐ.ഐ.ടിയിലെത്തും. ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് താങ്കള്‍ക്ക് കടക്കാന്‍ ഒരു മതില്‍ പൊളിച്ചിരിക്കുന്നു. ഇത്രയും ഭീരുവായ ഒരു പ്രധാനമന്ത്രി ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളൊരു ഭീരുവാണ്. കരിങ്കൊടികൊണ്ടെന്താ ഞങ്ങള്‍ നിങ്ങളെ വെടിവെക്കാന്‍ പോകുന്നുണ്ടോ? നെഹ്‌റുവെന്താ കരിങ്കൊടി കണ്ടിട്ടില്ലേ?’ വൈക്കോ ചോദിച്ചു.