അവന് ഇപ്പോള്‍ തന്നെ സമ്മര്‍ദമുണ്ട്; ഒരു അമ്മ എന്ന നിലയില്‍ അക്കാര്യത്തില്‍ എനിക്ക് ഭയമുണ്ട്; തൈമുറിനെക്കുറിച്ച് കരീന

single-img
12 April 2018

ജനിച്ചത് മുതല്‍ വാര്‍ത്തകളില്‍ താരമാണ് സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകന്‍ തൈമുര്‍ അലി ഖാന്‍. കരീന എവിടെ പോയാലും തൈമുറും കൂടെക്കാണും. ഏറ്റവും ഒടുവിലായി അമ്മക്കൊപ്പം തൈമുറെത്തിയത് പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലായിരുന്നു.

ഇപ്പോഴിതാ ശരിക്കും തിരക്കുകളുടെ ലോകത്തേക്ക് കടക്കാന്‍ പോകുകയാണ് തൈമുര്‍. അമ്മ കരീന അഭിനയിക്കുന്ന വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് തൈമുര്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ പവര്‍ ഐക്കണ്‍ എന്ന പുരസ്‌കാരം കരീനയ്ക്കായിരുന്നു ലഭിച്ചത്.

മസാബ ഗുപ്ത ഡിസൈന്‍ ചെയ്ത മഞ്ഞയും റോസും നിറത്തിലുള്ള സാരി ധരിച്ചാണ് കരീന ചടങ്ങിനെത്തിയത്. പുരസ്‌കാരത്തെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ മകനെ കുറിച്ചും കരീന വാചാലയായി. ”എല്ലാ അമ്മമാരേയും പോലെ മക്കളോട് അമിത വാത്സല്യം കാണിക്കുന്ന കൂട്ടത്തിലാണ് ഞാനും.

പുറംലോകം കാണാതെ ചട്ടക്കൂടിനുള്ളില്‍ മകനെ വളര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവന് സാധാരണ ജീവിതം നല്‍കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങള്‍ അഭിനന്ദിക്കുന്ന തരത്തില്‍ ജീവിതത്തില്‍ അവന്‍ എന്തെങ്കിലും ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ കുഞ്ഞാണ്.

ഇപ്പോള്‍ തന്നെ അവന് സമ്മര്‍ദമുണ്ട്. ഒരു അമ്മ എന്ന നിലയില്‍ അക്കാര്യത്തില്‍ എനിക്ക് ഭയമുണ്ട്. അമിത സമ്മര്‍ദത്തിന് പകരം അവന് അവസരങ്ങളാണ് നല്‍കേണ്ടത്. ” കരീന പറഞ്ഞു. കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ തുടങ്ങിയവര്‍ അഭിനയിച്ച വീരേ ദി വെഡ്ഡിങ് ജൂണ്‍ 1ന് തിയറ്ററുകളില്‍ എത്തും.