ശ്രീജിത്തിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

single-img
12 April 2018

വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് അന്വേഷണം പര്യാപ്തമല്ല. വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ള മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

വരാപ്പുഴയില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരമായ പോലീസ് മര്‍ദനത്തിന്റെ ഇരയാണ് ശ്രീജിത്ത്. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ സര്‍വീസില്‍നിന്നു പുറത്താക്കണമെന്നും അവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീജിത്തിന്റെ പേര് പ്രതി പട്ടികയില്‍ നല്‍കിയത് സിപിഎം അണെന്ന് വി.ഡി. സതീശന്‍ എംഎല്‍എയും ആരോപിച്ചു. സംഭവത്തില്‍ പോലീസുകാരെ സസ്‌പെന്‍ഡു ചെയ്തത് മുഖം മിനുക്കല്‍ നടപടിയാണെന്നും സതീശന്‍ ആരോപിച്ചു.

വീടാക്രമണത്തെത്തുടര്‍ന്നു വരാപ്പുഴ സ്വദേശി ചിട്ടിത്തറ വാസുദേവന്‍(54) ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയെന്ന നിലയിലാണു ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വച്ച് ശ്രീജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്നു അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ശ്രീജിത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്നാണ് ആശുപത്രി രേഖകള്‍.