എട്ട് വയസ്സുകാരിയെ കൊന്ന കേസിലെ കുറ്റപത്രത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍: പ്രതികള്‍ക്ക് പിന്തുണയുമായി ബി.ജെ.പി മന്ത്രിമാര്‍; വ്യാപക പ്രതിഷേധം

single-img
12 April 2018

ശ്രീനഗര്‍: ജനുവരി 10ന് കത്തുവ ജില്ലയിലെ രസാനയില്‍നിന്നു കാണാതായ എട്ടുവയസ്സുകാരിയെ ദിവസങ്ങള്‍ക്കുശേഷം തെരുവില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴിഞ്ഞദിവസമാണ് കുറ്റപത്രം നല്‍കിയത്. ഇതിന്റെ പകര്‍പ്പു പുറത്തുവന്നപ്പോഴാണ് ആ പിഞ്ചുബാലിക എത്രത്തോളം വേദനയിലൂടെയാണു കടന്നുപോയതെന്നു വെളിപ്പെടുന്നത്.

കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി മൂന്ന് തവണയാണ് കൂട്ടബലാത്സംഗത്തിനിരയായത്. രണ്ട് പൊലീസുകാരടങ്ങുന്ന ആറ് പേരുടെ സംഘമാണ് കുഞ്ഞിനെ മൂന്ന് വട്ടം ബലാത്സംഗത്തിനിരയാക്കിയത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി വലിയ കല്ലുകൊണ്ട് രണ്ട് വട്ടം തലയ്ക്കടിച്ചതും ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് 18 പേജുള്ള കുറ്റപത്രത്തിലുള്ളത്.

കഴിഞ്ഞ ജനുവരി പത്തിനാണ് ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോയതിനു ശേഷം കാണാതായത്. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തുകയായിരുന്നു.

ബ്രാഹ്മണര്‍ തിങ്ങി താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്ന് മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക ലക്ഷ്യത്തോടെയായിരുന്നു പെണ്‍കുട്ടിയെ തട്ടികൊണ്ട് പോവലും ബലാത്സംഗം ചെയ്യലും. റവന്യൂവകുപ്പില്‍നിന്ന് വിരമിച്ച സഞ്ജിറാമാണ് ബലാംത്സംഗ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുക, ബലാംത്സംഗം ചെയ്യുക, കൊല്ലുക എന്നീ പദ്ധതികള്‍ തയ്യാറാക്കിയത് സഞ്ജിറാമാണ്. ഇയാളെ കൂടാതെ മകന്‍ വിശാല്‍ ഗംഗോത്രയും, പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ഈ കൊടും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. എസ്പിഒ ഖജൂരിയയും സുഹൃത്ത് വിക്രമും ചേര്‍ന്നാണ് കുട്ടിയെ മയക്കുന്നതിനുള്ള മരുന്ന് വാങ്ങിക്കുന്നത്.

തട്ടികൊണ്ടുപോയ പെണ്‍കുട്ടിയെ സഞ്ജി റാമിന്റെ നിര്‍ദേശ പ്രകാരം മരുമകന്‍ മയക്ക് മരുന്ന് നല്‍കി ക്ഷേത്രത്തിനുള്ളിലെത്തിച്ച് അടച്ചിടുകയായിരുന്നു. ഖജൂരിയയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇടയ്ക്കിടെ മുറിയില്‍ കയറി പെണ്‍കുട്ടിയ്ക്ക് മയക്ക് മരുന്ന് നല്‍കിയിരുന്നു.

സഞ്ജി റാമിന്റെ മരുമകന്‍ തന്നെയാണ് പെണ്‍കുട്ടിയെ ആദ്യം ബലാംത്സംഗം ചെയ്തത്. മീററ്റിലുണ്ടായിരുന്ന മകന്‍ വിശാല്‍ ജംഗോത്രയെ താല്‍പര്യമുണ്ടെങ്കില്‍ ഉടന്‍ നാട്ടിലെത്തണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കുറ്റകൃത്യത്തില്‍ പങ്കാളിയാക്കുകയും ചെയ്തു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദേവസ്ഥാനത്ത് തന്നെ പ്രതികള്‍ മാറി മാറി കുഞ്ഞിനെ ബലാംത്സംഗം ചെയ്തുകൊണ്ടിരുന്നു. സംഭവം അറിയാമായിരുന്ന പ്രാദേശിക പൊലീസുകാര്‍ക്ക് ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കി ഒതുക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് സഞ്ജിറാമിന്റെ നിര്‍ദേശ പ്രകാരം മകനും മരുമകനും ചേര്‍ന്ന് കുട്ടിയെ ക്ഷേത്രത്തിന് സമീപത്തെ കലുങ്കിനടിയില്‍ എത്തിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലുന്നതിന് തൊട്ടുമുന്‍പും പൊലീസുകാരനായ ഖജൂരിയ ഒരിക്കല്‍ കൂടി കുട്ടിയെ ബലാംത്സംഗം ചെയ്‌തെന്നും മരണം ഉറപ്പിക്കാനാണ് പാറക്കല്ലുകൊണ്ട് ഇടിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തില്‍ സഞ്ജിറാം മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍, ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പൊലീസുകാര്‍ എന്നിവരാണ് പ്രതികള്‍.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഇതിനിടെ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് രംഗത്തെത്തി. ആസിഫയെ മനുഷ്യനെന്ന നിലയില്‍ കാണുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടെന്നും എന്നാല്‍ അവള്‍ക്ക് നീതി നിഷേധിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വിഷയത്തില്‍ പ്രതികരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് വി.കെ സിംഗ്. സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം നടക്കുമ്പോഴും കേന്ദ്രമന്ത്രിമാര്‍ തുടരുന്ന മൗനം ഏറെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു. അതേസമയം, ആസിഫയെ കൊന്ന പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ റാലിയില്‍ ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്തതിനെതിരെ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്.

വനംമന്ത്രി ചൗധരി ലാല്‍ സിംഗും വ്യവസായ മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗയുമാണ് ഹിന്ദു എക്താ മഞ്ച് നടത്തിയ റാലിയില്‍ പങ്കെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നീക്കത്തെ ‘കാട്ടു നീതി’ എന്നാണ് ബി.ജെ.പി മന്ത്രിമാര്‍ വിശേഷിപ്പിച്ചത്.

ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്തതിനെതിരെ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ രംഗത്തെത്തി. റാലിയില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്കെതിരെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉടന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന വിഷയത്തില്‍ ചിലര്‍ രാഷ്ട്രീയക്കളികള്‍ക്ക് ശ്രമിക്കുന്നത് ദുഃഖകരമാണെന്ന് മുതിര്‍ന്ന പി.ഡി.പി നേതാവ് നയീം അക്തര്‍ പറഞ്ഞു. വിഷയത്തില്‍ നീതി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ സഖ്യം വിടുമെന്ന് മറ്റൊരു പി.ഡി.പി നേതാവ് സയ്യിദ് അല്‍താഫ് ബുഹാരിയും വ്യക്തമാക്കി.