ഒരാഴ്ച്ച കൊണ്ട് എട്ടര ലക്ഷം ശുചിമുറികള്‍ നിര്‍മ്മിച്ചെന്നു പറഞ്ഞത് കല്ലുവെച്ച നുണ: കണക്കുകള്‍ നിരത്തി മോദിയെ പൊളിച്ചടുക്കി തേജസ്വി യാദവ്

single-img
11 April 2018

Support Evartha to Save Independent journalism

കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് എട്ടര ലക്ഷം ശുചിമുറികളാണ് ബിഹാറില്‍ നിര്‍മ്മിക്കപ്പെട്ടത്. അത്ര എളുപ്പമുള്ള കാര്യമല്ല അത്. വൈകാതെ തന്നെ ശുചിമുറികളുടെ എണ്ണത്തില്‍ ബീഹാര്‍ ദേശീയ ശരാശരിയ്ക്ക് മുകളിലെത്തുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്….

കഴിഞ്ഞ ദിവസം ബീഹാറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയാണിത്. സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ബീഹാര്‍ സര്‍ക്കാരിനെ അനുമോദിച്ച് മോദി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

ഇതാണ് ആര്‍.ജെ.ഡി നേതാവ് തേജസ്വവി യാദവ് പൊളിച്ചടുക്കിയിരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് എട്ടര ലക്ഷം ശുചിമുറികള്‍ നിര്‍മ്മിക്കുക എന്നത് മനുഷ്യസാധ്യമായ കാര്യമല്ലെന്ന് കണക്കുകള്‍ നിരത്തി കൊണ്ട് തേജസ്വി പറയുന്നു. ഒരു ആഴ്ച്ചയെന്നാല്‍ ഏഴ് ദിവസം. ഒരു ദിവസത്തില്‍ 24 മണിക്കൂറുകള്‍.

ഏഴ് ദിവസത്തില്‍ 168 മണിക്കൂറുകള്‍, ഒരു മണിക്കൂറില്‍ 60 മിനിറ്റ്… അങ്ങനെ നോക്കുമ്പോള്‍ 8,50,000/168= 5059, 5059/60= 84.31. മണിക്കൂറില്‍ 5059 ശുചിമുറികള്‍, മിനിറ്റില്‍ 84.31 ശുചിമുറികള്‍…. എന്തൊരു വലിയ മണ്ടത്തരമാണ് നമ്മുടെ പ്രധാനമന്ത്രി പറയുന്നത്. ബീഹാര്‍ മുഖ്യമന്ത്രി പോലും ഇത് അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല…. തേജസ്വി യാദവ് ട്വിറ്ററില്‍ കുറിച്ചു.

മാര്‍ച്ച് 13നും ഏപ്രില്‍ 9 നും ഇടയിലായി ബീഹാറില്‍ എട്ടരലക്ഷം ശുചിമുറികള്‍ നിര്‍മ്മിക്കപ്പെട്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ഈ എട്ടരലക്ഷത്തില്‍ പകുതിയും പ്രധാനമന്ത്രി പറഞ്ഞ സമയപരിധിക്ക് മുന്‍പേ നിര്‍മ്മിച്ചതാണ്. ശുചിമുറി നിര്‍മ്മാണത്തിനായി ബീഹാര്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

ഈ പണം സ്വീകരിച്ച് ശുചിമുറി നിര്‍മ്മിച്ച ശേഷം ശുചിമുറിയുടെ ചിത്രം ജിപിഎസ് ലൊക്കേഷന്‍ സഹിതം മൊബൈലില്‍ പകര്‍ത്തി സര്‍ക്കാര്‍ വെബ്‌സൈറ്റിലേക്ക് അപ്ലോഡ് ചെയ്യണം. ബീഹാറിലെ 48 ശതമാനം വീടുകളിലും ശുചിമുറികള്‍ ഇല്ലെന്നാണ് കണക്ക്. ശുചിമുറി സാന്ദ്രതയുടെ ദേശീയ ശരാശരി 72 ശതമാനമാണ്. ഇതാണ് വാസ്തവം എന്നിരിക്കെയാണ് മോദി ബീഹാര്‍ സര്‍ക്കാരിനെ അനുമോദിച്ച് സംസാരിച്ചത്.