താജ്മഹലിന്റെ ഉടമസ്ഥാവകാശം: ഷാജഹാന്റെ ഒപ്പുമായി വരാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

single-img
11 April 2018

താജ്മഹല്‍ അവകാശതര്‍ക്കത്തിനിടെ ഷാജഹാന്റെ ഒപ്പ് ഹാജരാക്കണമെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനോട് സുപ്രീംകോടതി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ താജ്മഹലിന്റെ അവകാശം തങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്ന വഖഫ് ബോര്‍ഡിന്റെ വാദത്തിലാണ് സുപ്രീംകോടതി ഇത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഒപ്പ് സഹിതമുള്ള രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കാനാണ് ബോര്‍ഡിനോട് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

താജ് വഖഫ് ബോര്‍ഡിന്റേതാണെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ആരാണ് വിശ്വസിക്കുക, ഇത്തരം പ്രശ്‌നങ്ങളുയര്‍ത്തി കോടതിയുടെ സമയം കളയരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വഖഫ് ബോര്‍ഡിനായി മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയാണ് ഹാജരായത്. ഷാജഹാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ താജ്മഹല്‍ വഖഫ് ബോര്‍ഡിന്റെ കീഴിലാണെന്ന് വി.ഗിരി വാദിച്ചു. ഈ സമയത്താണ് കോടതി ഷാജഹാന്റെ ഒപ്പോടു കൂടിയ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഷാജഹാന്റെ കാലത്ത് വഖഫ് ബോര്‍ഡ് രൂപീകരിച്ചിട്ടില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരായ എ.ഡി.എന്‍ റാവു പറഞ്ഞു.