ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിനിടെ എച്ച്.ഐ.വി ബാധിച്ച പെണ്‍കുട്ടി മരിച്ചു

single-img
11 April 2018

തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ചു. കുട്ടിയെ പനിബാധിച്ചതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുട്ടിക്ക് ന്യൂമോണിയ ആണെന്ന് സ്ഥിരീകരിച്ചതോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുമായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും റഫര്‍ ചെയ്തത് പ്രകാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിനായിരുന്നു കുട്ടിയെ ആര്‍.സി.സിയില്‍ എത്തിച്ചത്. ചികിത്സയുടെ ഭാഗമായുള്ള പരിശോധയില്‍ എച്ച്‌ഐവി കണ്ടെത്തിയിരുന്നില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും എച്ച്‌ഐവി ഉണ്ടായിരുന്നില്ല.

നാല് തവണ കീമോ തെറാപ്പി ചികിത്സക്ക് വിധേയയായ പെണ്‍കുട്ടി പല തവണയായി രക്തം സ്വീകരിച്ചിരുന്നു. അഞ്ചാമത്തെ കീമോയ്ക്ക് മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്‌ഐവി കണ്ടെത്തിയത്. ഇതോടെ ആര്‍സിസിയുടെ വിശ്വാസ്യത തന്നെ സംശയത്തിന്റെ നിഴലിലായി.

ആര്‍സിസിയ്ക്ക് രക്തംനല്‍കിയ ദാതാവില്‍ നിന്നും രക്തം സ്വീകരിച്ചവരും ഭീതിയിലായിരുന്നു. എന്നാല്‍ ചെന്നൈ റീജണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചുവെങ്കിലും ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.