തന്‍സീര്‍ കാവല്‍ നിന്നു; സാലിഹും അപ്പുണ്ണിയും രാജേഷിനെ വെട്ടിവീഴ്ത്തി; കേസില്‍ ആകെ 7 പ്രതികള്‍; സത്താര്‍ ഒന്നാം പ്രതിയാകും

single-img
11 April 2018

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ ഖത്തര്‍ വ്യവസായി അബ്ദുല്‍ സത്താര്‍ ഒന്നാം പ്രതിയാകും. രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപികയുടെ മുന്‍ഭര്‍ത്താവാണ് അബ്ദുല്‍ സത്താര്‍. കേസില്‍ ആകെ ഏഴുപ്രതികളാണുളളതെന്നും സത്താര്‍ അടക്കം രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.

കേസില്‍ മുഖ്യപ്രതി സാലിഹിനെയും ഇയാളുടെ കൂട്ടാളിയായ കരുനാഗപ്പള്ളി പുത്തന്‍തെരുവ് പുന്നക്കുളം കൊച്ചുവീട്ടില്‍ തന്‍സീറിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സാലിഹുമായുള്ള സൗഹൃദമാണ് കൊലയ്ക്ക് കൂട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്ന് തന്‍സീര്‍ പൊലീസിനോട് സമ്മതിച്ചു.

ആസൂത്രണത്തിലും രാജേഷിനെ കൊലപ്പെടുത്താനുളള യാത്രയിലും ആദ്യവസാനം സാലിഹിനൊപ്പമുണ്ടായിരുന്നു. സംഭവദിവസം രാത്രി മടവൂരിലേക്ക് കാറോടിച്ച് കൊണ്ടുപോയതും സാലിഹും അപ്പുണ്ണിയും ചേര്‍ന്ന് രാജേഷിനെ വെട്ടിവീഴ്ത്തുമ്പോള്‍ പുറത്തുനിന്നാരും അവിടേക്ക് കടന്നുവരാതെ വാളുമായി കാവല്‍ നിന്നതും താനായിരുന്നുവെന്ന് തന്‍സീര്‍ പൊലീസിനോട് പറഞ്ഞു.

സാലിഹാണ് കൊലപാതകത്തിന് തന്റെ സഹായം തേടിയതെന്നും ഖത്തറിലെ വ്യവസായിയായ അബ്ദുള്‍ സത്താറിനുവേണ്ടിയുള്ള ക്വട്ടേഷനാണിതെന്നും പറഞ്ഞിരുന്നുവെന്നും തന്‍സീര്‍ വെളിപ്പെടുത്തി. കൊലപാതകത്തിന് പ്രതിഫലമായി അലിഭായിക്ക് സത്താറിന്റെ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തിരുന്നുവെന്ന് റൂറല്‍ എസ്.പി അശോക് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ക്വട്ടേഷന്‍ നല്‍കിയ സത്താറിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. കൃത്യം നടത്താന്‍ കൊലയാളി സംഘം എത്തിയ ചുവന്ന മാരുതി സിഫ്ട് കാറാണ് കേസിനു തുമ്പുണ്ടാക്കിയത്. കൊലപാതകം നടന്ന മാര്‍ച്ച് 27ന് രാത്രി മടവൂരില്‍ രാജേഷിന്റെ സ്റ്റുഡിയോയ്ക്ക് സമീപത്തു കൂടി കടന്നുപോയ ചുവന്ന മാരുതി സിഫ്ട് കാറിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

മടവൂര്‍ മുതല്‍ 150 കിലോമീറ്റര്‍ ചുറ്റളവിലൂടെ കടന്നുപോയ മാരുതി കാറുകളെ നിരീക്ഷിച്ചു. കൊച്ചി ടോള്‍ പ്ലാസ വരെ പരിശോധന നീണ്ടു. കാറിന്റെ ഉടമയെ കണ്ടെത്തിയതോടെയാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിയതെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ഒരു വാളും അറ്റം വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവും അലിഭായിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ പരിശോധനയില്‍ കരുനാഗപ്പള്ളിക്കടുത്ത കണ്ണേറ്റി പാലത്തിനടുത്തു നിന്നുമാണ് കണ്ടെത്തിയത്.