വിഷുവിന് മഞ്ജു വാര്യരും ദീലീപും നേര്‍ക്കുനേര്‍

single-img
11 April 2018

2017 സെപ്തംബര്‍ 28നായിരുന്നു മഞ്ജു വാര്യരുടെയും ദിലീപിന്റെയും ചിത്രങ്ങള്‍ നേരത്തെ തീയേറ്ററില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയും ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാതയും. രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തു.

ചരിത്രമാവര്‍ത്തിക്കുകയാണ് ഇത്തവണത്തെ വിഷുവിന്. ദിലീപിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങള്‍ വിഷുറിലീസായി വീണ്ടും നേര്‍ക്കുനേര്‍ എത്തുന്നു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവവും സാജിദ് യാഹിയയുടെ മോഹന്‍ലാല്‍ എന്ന ചിത്രവുമാണ് വിഷുവിന് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.

മഞ്ജുവാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി വേഷമിടുന്ന ചിത്രമാണ് ‘മോഹന്‍ലാല്‍’. മീനുക്കുട്ടി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഭര്‍ത്താവ് സേതുമാധവനായി എത്തുന്നത് ഇന്ദ്രജിത്താണ്. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകള്‍ക്കുമെല്ലാം ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചത്.

ബിഗ് ബജറ്റ് ചിത്രമായ കമ്മാരസംഭവവുമായിട്ടാണ് ദിലീപ് വിഷുവിനെത്തുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ കുമാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. നമിത പ്രമോദാണ് നായിക. തമിഴ് താരങ്ങളായ സിദ്ധാര്‍ഥും ബോബി സിന്‍ഹയും മുഖ്യ വേഷത്തിലെത്തുന്നുണ്ട്.

ഒരുപിടി നല്ല ചിത്രങ്ങളാണ് ഇത്തവണ വിഷു റിലീസായി തീയറ്ററുകളിലെത്തുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഒരു ചിത്രവും പ്രദര്‍ശനത്തിനില്ല.