വിടി ബല്‍റാമിന്റെ കാറിന്റെ റിയര്‍ വ്യൂ ഗ്ലാസ് സി.പി.എം തകര്‍ത്തുവെന്ന വാര്‍ത്ത തെറ്റ്: ഗ്ലാസ് തകര്‍ന്നത് അമിത വേഗതയിലെത്തിയ കാര്‍ പൊലീസുകാരന്റെ കയ്യിലിടിച്ച്; വീഡിയോ കാണാം

single-img
10 April 2018

പ്രതിഷേധ പ്രകടനത്തിന് ഇടയിലൂടെ പ്രതിപക്ഷ എം എൽ എ യുടെ വാഹനം അമിത വേഗത്തിൽ ഓടിച്ച് പോലീസുകാരന് പരിക്ക്.. ഇതിൽ എവിടെയാ സിപിഐഎം അതിക്രമം Kumbila Nisar??

Posted by ഹസ്സൻ പി on Tuesday, April 10, 2018

തൃത്താലയില്‍ പ്രതിഷേധത്തിനിടെ എം.എല്‍.എ വി.ടി ബല്‍റാമിന്റെ വാഹനത്തിന്റെ റിയര്‍ വ്യൂ മിറര്‍ സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്ന പ്രചരണം വ്യാജമെന്ന് ആരോപണം. ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവില്‍ ക്ഷീരസഹകരണ സംഘത്തിന്റെ സഹായധന വിതരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വി.ടി.ബല്‍റാമിന്റെ കാര്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് വാര്‍ത്ത പ്രചരിച്ചത്.

ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാജവാര്‍ത്തയ്ക്ക് പിന്നാലെ തൃത്താലയിലെ സി.പി.എം അനുഭാവികള്‍ സത്യാവസ്ഥയുമായി രംഗത്തെത്തി. സമരക്കാര്‍ക്കിടയില്‍ കൂടി ബല്‍റാമിന്റെ വാഹനം കടന്നുപോകുന്നതിനിടെ പൊലീസുകാരന്റെ കയ്യിലിടിച്ച് വാഹനത്തിന്റെ ഇടത് വശത്തെ റിയര്‍ വ്യൂ മിറര്‍ ഇളകി വീഴുന്ന വീഡിയോ അവര്‍ പുറത്തുവിട്ടു.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ രാജേഷിന്റെ കയ്യിലാണ് വാഹനം ഇടിച്ചത്. സമരക്കാര്‍ തള്ളിയപ്പോഴാണ് ഇയാള്‍ വാഹനത്തില്‍ ഇടിച്ചതെന്നാണ് ആരോപണം. പരിക്കേറ്റ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം, സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണത്തിലാണ് തന്റെ വാഹനം തകര്‍ന്നതെന്ന് വി.ടി.ബല്‍റാം എം.എല്‍.എ ആരോപിച്ചു. തന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായെന്നും എം.എല്‍.എ ആരോപിച്ചു. എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

എ.കെ.ജിക്കെതിരായി ബല്‍റാം നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളെല്ലാം ബഹിഷ്‌ക്കരിക്കാനും പ്രതിഷേധം നടത്താനും സി.പി.എം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നും ബല്‍റാമിനെതിരെ പ്രതിഷേധമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിരുന്നു. ബല്‍റാമിന്റെ വരവും കാത്ത് കരിങ്കൊടിയുമായി ഒരു കൂട്ടം സി.പി.എം പ്രവര്‍ത്തകരും നിലയുറപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഈ സംഭവങ്ങള്‍ നടന്നത്.